തില്ലങ്കേരി കീർത്തനയുടെ ആത്മഹത്യ… ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച്…

കണ്ണൂർ: തില്ലങ്കേരിയിലെ 20-കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. തില്ലങ്കേരിയിലെ ലീനയുടെയും ജഷികുമാറിന്റെയും മൂത്ത മകളായ കീർത്തന കഴിഞ്ഞ ഏപ്രിൽ 30-നാണ് ജീവനൊടുക്കിയത്. മംഗളൂരുവിൽ ഫിസിയോതെറാപ്പി വിദ്യാർഥിനിയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ട് ഉടൻ ആഭ്യന്തര വകുപ്പിന് കൈമാറും.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേസ് പൂർണമായി ക്രൈംബ്രാഞ്ചിന് കൈമാറണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. മട്ടന്നൂർ സ്കൂളിലെ സഹപാഠിയായിരുന്ന ആദിദേവുമായി കീർത്തന പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ആദിദേവ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായതിനെ തുടർന്നുണ്ടായ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഇതിന് തെളിവായി സുഹൃത്തിന് കീർത്തന അയച്ച വാട്സ്ആപ്പ് സന്ദേശവും കുടുംബം അന്വേഷണ സംഘത്തിന് മുന്നിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസിൽ അന്വേഷണം നടത്തുന്ന പേരാവൂർ പൊലീസ് ആദിദേവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. എന്നാൽ ആദിദേവ് ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയിരുന്നു. ആദിദേവ് കണ്ണൂരിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണെന്നും ഈ സ്വാധീനം മൂലമാണ് കീർത്തനയുടെ മരണത്തിന് മൂന്ന് മാസം പിന്നിട്ടിട്ടും പ്രതിയെ കൃത്യമായി ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ പൊലീസ് തയ്യാറാകാത്തതെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. കുടുംബത്തിന്റെ ആരോപണങ്ങൾ ഉൾപ്പെടെ കേസിലെ മുഴുവൻ സാഹചര്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുക.

Related Articles

Back to top button