അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ… സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ 100 ദിവസങ്ങൾ പിന്നിട്ടിട്ടും കേരളത്തിൽ മാറ്റമോ വികസനമോ തൊഴിലവസരങ്ങളോ കൊണ്ടുവരാനുള്ള നടപടികളുണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ ‘അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ’ ആണെന്നും അദ്ദേഹം വിമർശിച്ചു. ഹിന്ദു വിശ്വാസങ്ങൾക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സണ്ണി എം. കപിക്കാട് ഉൾപ്പെടെയുള്ളവരുടെ വിവാദ പരാമർശങ്ങളിൽ നിയമനടപടി സ്വീകരിക്കാതെ സർക്കാർ നിഷ്‌ക്രിയമായി തുടരുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദേവസ്വം മന്ത്രി കെ. മുരളീധരനും ഹിന്ദു വിശ്വാസത്തിനെതിരായ വിദ്വേഷ പ്രസംഗങ്ങളിൽ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലേയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ശബരിമലയിലെ സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് കോൺഗ്രസ് അധികാരത്തിലെത്തിയതെന്നും എന്നാൽ അധികാരത്തിലെത്തിയശേഷം ശബരിമലയെയും ഭഗവാൻ അയ്യപ്പനെയും മറന്നെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളിൽ വിശ്വാസമർപ്പിച്ച ആയിരക്കണക്കിന് ഹിന്ദു വോട്ടർമാരെ കോൺഗ്രസ് വഞ്ചിച്ചെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രീണനത്തിന്റെയും ഇരട്ടത്താപ്പിന്റെയും രാഷ്ട്രീയം മാത്രമാണ് സർക്കാരിന്റെ 100 ദിവസങ്ങളിൽ കണ്ടതെന്നും അദ്ദേഹം വിമർശിച്ചു. സാധാരണ ജനങ്ങൾക്ക് ഗുണം ലഭിക്കുന്ന നടപടികൾക്ക് പകരം ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയത്തിനാണ് സർക്കാർ പ്രോത്സാഹനം നൽകുന്നതെന്നും ആരോപിച്ചു.

മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പ്രസംഗങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കാനാകില്ലെന്നും സണ്ണി എം. കപിക്കാടിനെതിരെ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button