ചരിത്രം തിരുത്തണം… ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്ത് എസ്.സി വിഭാഗത്തിന് പ്രാതിനിധ്യം വേണം

കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളിൽ ഏതെങ്കിലും ഒന്നിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ട ഒരാളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി. അയ്യങ്കാളിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് കൊടിക്കുന്നിൽ സുരേഷ് ആവശ്യമുന്നയിച്ചത്.
തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം എന്നിങ്ങനെ അഞ്ച് ദേവസ്വം ബോർഡുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ ഇവയിലൊന്നിന്റെയും അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരാളെ നിയമിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി. അഞ്ച് ദേവസ്വം ബോർഡുകളിൽ ഏതെങ്കിലും ഒന്നിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് എസ്.സി വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് ഒരു തവണയെങ്കിലും അവസരം നൽകി ചരിത്രം തിരുത്തണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ വി.ഡി. സതീശൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. ഇത് ആരുടെയും ഔദാര്യമല്ലെന്നും നിയമപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷിന്റെ ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
ദേവസ്വം ബോർഡുകൾക്ക് ഇനിയും ഒരു വർഷത്തിലധികം കാലാവധി ബാക്കിയുള്ളതിനാൽ ആവശ്യം പരിഗണിക്കാൻ സമയമുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഇത്തരം നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടത് സർക്കാരാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചു. ബോർഡുകളിൽ നിലവിൽ ദളിത് പ്രാതിനിധ്യമുണ്ടെന്നും എവിടെയെങ്കിലും അസമത്വമോ പ്രാതിനിധ്യക്കുറവോ ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടുപോകേണ്ടത് സംവിധാനത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.



