ഇസ്‌ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ പൊതുഇടങ്ങളിൽ കൊണ്ടുവരരുത്… സമസ്ത

കോഴിക്കോട്: ഇസ്‌ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ പൊതുഇടങ്ങളിൽ കൊണ്ടുവരരുതെന്ന വിവാദ നിർദേശവുമായി സമസ്ത കാന്തപുരം വിഭാഗം. അന്യപുരുഷന്മാർക്കിടയിൽ വേദികളിലോ പൊതുനിരത്തുകളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ഇസ്‌ലാമിക ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നബിദിനാഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിനെതിരെ വിമർശനമുയർന്നതിന് പിന്നാലെയാണ് മഹല്ലുകൾക്കും മദ്രസകൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും നിർദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്.
ഇസ്‌ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മഹല്ല് ഭാരവാഹികളും പള്ളി, മദ്രസ, മറ്റ് സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വവും പ്രത്യേക ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നതും ഇസ്‌ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷ രീതികളും കൂട്ടിച്ചേർക്കുന്നതും വിശ്വാസികൾക്ക് ചേർന്നതല്ലെന്നും അനുവദനീയമല്ലെന്നും പ്രസ്താവനയിൽ പറയുന്നു. മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവൻ പരിപാടികളും മതകീയ മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് മാത്രമേ സംഘടിപ്പിക്കാവൂ എന്നും പ്രസ്താവനയിൽ നിർദേശിക്കുന്നു. വരുതലമുറയിലേക്ക് സന്മാർഗീയമായ മാതൃകകൾ പകർന്നുനൽകാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സമസ്ത കാന്തപുരം വിഭാഗം വ്യക്തമാക്കി.



