‘ഒരു മാസം മുമ്പ് മരുന്നിന് അനുമതി കിട്ടിയിരുന്നെങ്കിൽ’… പി.എച്ച്. കുര്യനെ അനുസ്മരിച്ച് ഇളങ്കോവൻ

കോട്ടയം: പി.എച്ച്. കുര്യന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് ഡോ. കെ. ഇളങ്കോവൻ. യു.എസിൽ കാൻസർ വിദഗ്ധനായി പ്രവർത്തിക്കുന്ന മരുമകന്റെയടുത്തേക്ക് തുടർചികിത്സയ്ക്കായി പോകാനിരിക്കെയാണ് പി.എച്ച്. കുര്യൻ വിടപറഞ്ഞതെന്ന് കെ. ഇളങ്കോവൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ രോഗത്തിനുള്ള മരുന്ന് അമേരിക്കയിൽ കണ്ടെത്തി ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയിരുന്നു. എന്നാൽ മരുന്ന് രോഗികൾക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ചത് കുര്യൻ മരിച്ച ഓണനാളിലായെന്നും ഇളങ്കോവൻ പറഞ്ഞു.
കേരളത്തിലെ തന്റെ ആദ്യ നിയമനം പി.എച്ച്. കുര്യൻ കോട്ടയം ജില്ലാ കളക്ടറായിരുന്ന കാലത്തായിരുന്നുവെന്നും ഇളങ്കോവൻ ഓർത്തെടുത്തു. അന്ന് ചാരായ നിരോധന നടപടികളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു. രാത്രികാലങ്ങളിൽ പൊലീസ് സംഘത്തോടൊപ്പം ജിപ്സി ജീപ്പിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ചാരായം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്ത അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. കളക്ടറുടെ ബംഗ്ലാവിൽവെച്ച് കുര്യനെ അണലി കടിച്ച സംഭവവും ഇളങ്കോവൻ അനുസ്മരിച്ചു. പാമ്പുകടിയേറ്റിട്ടും സമചിത്തതയോടെ സാഹചര്യം നേരിട്ട കുര്യന്റെ മനോധൈര്യം ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ചുമതലയേറ്റതിന് പിന്നാലെ തന്റെ സ്ഥലംമാറ്റം ഒഴിവാക്കാൻ കുര്യൻ ഇടപെട്ട സംഭവവും ഇളങ്കോവൻ ഓർത്തെടുത്തു. നിയമവും ചട്ടങ്ങളും പാലിക്കുന്നതിനൊപ്പം മനുഷ്യത്വപരമായി ഇടപെടുന്ന വ്യക്തിത്വമായിരുന്നു പി.എച്ച്. കുര്യന്റേതെന്നും അദ്ദേഹത്തിന്റെ ഈ മികവ് എന്നും ഓർമിക്കപ്പെടുമെന്നും ഡോ. കെ. ഇളങ്കോവൻ പറഞ്ഞു.



