സുകുമാരക്കുറുപ്പ് ബ്രൂണെയിൽ തന്നെയോ… നിർണായക വെളിപ്പെടുത്തലുമായി….

ബ്രൂണെ: സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഒളിവിൽ കഴിയുന്നുവെന്ന അവകാശവാദവുമായി നിർണായക വെളിപ്പെടുത്തൽ. മൂന്ന് പതിറ്റാണ്ടായി കുറുപ്പുമായി പരിചയമുണ്ടെന്ന് പറയുന്ന ബ്രൂണെയിലെ മലയാളി വ്യവസായി പാരിജാതനാണ് പുതിയ വിവരങ്ങളുമായി രംഗത്തെത്തിയത്. ബ്രൂണെയിൽ താൻ പരിചയപ്പെട്ട വ്യക്തി സുകുമാരക്കുറുപ്പ് തന്നെയാണെന്ന് ഉറപ്പിച്ചതായാണ് പാരിജാതന്റെ അവകാശവാദം.
1991ൽ കാലാവധി അവസാനിച്ച സുകുമാരക്കുറുപ്പിന്റെ ഇന്ത്യൻ പാസ്‌പോർട്ട് നേരിൽ കണ്ടതായും പാരിജാതൻ പറയുന്നു. പാസ്‌പോർട്ടിൽ ‘സുകുമാരൻ ശിവരാമ കുറുപ്പ്’ എന്ന പേരും 1946 മേയ് മാസത്തിലെ ജനനത്തീയതിയും രേഖപ്പെടുത്തിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. പാസ്‌പോർട്ട് കാലാവധി 1991ൽ അവസാനിച്ചതായും പാരിജാതൻ പറയുന്നു. ബിസിനസ് ആവശ്യങ്ങൾക്കിടെയാണ് ഇയാളെ പരിചയപ്പെടുന്നത്. തുടക്കം മുതൽ തന്നെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നുവെന്നും പാരിജാതൻ പറയുന്നു. ബിസിനസ് ചർച്ചകൾക്കായി പലതവണ എത്തിയിട്ടും ഇയാൾ നേരിട്ട് കാണാൻ തയ്യാറാകാത്തതും സംശയം വർധിപ്പിച്ചു. അവിചാരിതമായി ഒരുദിവസം ഓഫീസിലെത്തിയപ്പോഴാണ് മേശപ്പുറത്ത് ഇന്ത്യൻ പാസ്‌പോർട്ട് കണ്ടത്. പാസ്‌പോർട്ട് പരിശോധിക്കുന്നതിനിടെ ഇയാൾ സ്ഥലത്തെത്തുകയും അത് വാങ്ങി അകത്തേക്ക് മാറ്റുകയും ചെയ്തതായി പാരിജാതൻ പറയുന്നു. ഇന്ത്യയിൽ പാസ്‌പോർട്ട് പുതുക്കാൻ നേരിട്ട് ഹാജരാകേണ്ടതുണ്ടോ എന്നും ഇയാൾ ചോദിച്ചിരുന്നതായി പാരിജാതൻ വെളിപ്പെടുത്തി.
മലേഷ്യയിൽ ജനിച്ച മലയാളിയാണെന്നാണ് ഇയാൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സംസാരശൈലി ഇന്ത്യൻ രീതിയിലാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ഇന്ത്യയിലാണ് ജനിച്ചതെന്നും പിന്നീട് മാതാപിതാക്കൾക്കൊപ്പം മലേഷ്യയിലേക്ക് പോയതാണെന്നും മറുപടി നൽകിയതായി പാരിജാതൻ പറയുന്നു. കുടുംബത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഇയാൾ ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാരക്കുറുപ്പിന്റെ ചിത്രമെടുക്കാൻ നാല് മാസത്തോളം ശ്രമിച്ചെന്നും പാരിജാതൻ പറയുന്നു. ദുരൂഹത നിറഞ്ഞ വ്യക്തിയാണ് ഇയാളെന്നും ബ്രൂണെയിലെ ഇന്ത്യക്കാരുമായി ഇയാൾ അകന്നു കഴിയുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അടുത്തിടെ, ഓഗസ്റ്റ് 20ന് വരെ ഇയാളുമായി ഫോണിൽ സംസാരിച്ചിരുന്നതായും പാരിജാതൻ വെളിപ്പെടുത്തി. അന്ന് ആശുപത്രിയിൽ കഴിയുകയാണെന്നും തൽക്കാലം വരാൻ ബുദ്ധിമുട്ടാണെന്നുമാണ് ഇയാൾ പറഞ്ഞതെന്നും പാരിജാതൻ പറയുന്നു. എന്നാൽ സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇയാളുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാരിജാതന്റെ അവകാശവാദങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.



