യാത്രക്കാരുടെ സ്നേഹസമ്മാനമായി കെ.എസ്.ആർ.ടി.സി ബസിൽ…

ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടുകേട്ടും പാടിയും യാത്ര ചെയ്യാം. യാത്രക്കാരുടെ കൂട്ടായ്മ 74,000 രൂപ ചെലവഴിച്ച് ചേർത്തല ഡിപ്പോയിലെ ബസിൽ ഹൈ വോൾട്ട് ശബ്ദസംവിധാനം ഒരുക്കി. സംസ്ഥാനത്തെ ബജറ്റ് ടൂറിസം സെൽ സർവീസുകളിൽ ഒന്നാം സ്ഥാനത്താണ് ചേർത്തല ഡിപ്പോ. ഏകദേശം ഏഴായിരം യാത്രക്കാരാണ് ചേർത്തല ബജറ്റ് ടൂറിസം സെൽ കൂട്ടായ്മയിലുള്ളത്. ഇതിൽ അഞ്ഞൂറോളം സജീവ അംഗങ്ങൾ ചേർന്ന് ‘ഫ്രൻഡ്സ് ഓഫ് ബി.ടി.സി.’ എന്ന കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. സ്ഥിരം യാത്രക്കാരായ 150 പേരാണ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഓരോ മാസവും ശരാശരി 20 മുതൽ 25 വരെ ഉല്ലാസയാത്രകളാണ് ചേർത്തലയിൽ നിന്ന് പുറപ്പെടുന്നത്. യാത്രക്കാരുടെ വലിയ പിന്തുണ ലഭിച്ചതോടെ ബജറ്റ് ടൂറിസം സർവീസിനായി പ്രത്യേക ബസും അനുവദിച്ചിരുന്നു. ബജറ്റ് ടൂറിസം ട്രിപ്പുകൾ ഇല്ലാത്ത സമയത്ത് മാത്രമാണ് ഈ ബസ് മറ്റ് സർവീസുകൾക്കായി ഉപയോഗിക്കുന്നത്. നേരത്തെ സ്ഥിരം ശബ്ദസംവിധാനം ഇല്ലാത്തതിനാൽ ഉല്ലാസയാത്രകളിൽ താത്കാലിക സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഇതിന് പരിഹാരമായാണ് യാത്രക്കാരുടെ കൂട്ടായ്മ സ്വന്തം ചെലവിൽ പുതിയ ശബ്ദസംവിധാനം ഒരുക്കിയത്. കൂട്ടായ്മ അംഗങ്ങളായ ടി. കണ്ണൻ, എൻ.എസ്. മുരളീധരൻ, ബി.ടി.സി. ചേർത്തല കോഡിനേറ്റർ ജിദീഷ് സിദ്ധാർഥൻ എന്നിവരാണ് ശബ്ദസംവിധാനം ഒരുക്കുന്നതിന് നേതൃത്വം നൽകിയത്. ജീവനക്കാരായ കെ. ഗിരീഷ്, എം.കെ. രജീഷ്, എസ്.എസ്. സുമേഷ്, എൻ. രാജേന്ദ്രൻ എന്നിവരും സഹകരിച്ചു. ചേർത്തല ഡിപ്പോ സൂപ്രണ്ട് രശ്മി കെ. തോമസ് പുതിയ ശബ്ദസംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.



