താൻ തീരുമാനിക്കും, എല്ലാം താനാണ്… സിപിഐ മുഖപത്രത്തിൽ രൂക്ഷവിമർശനം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള വിവാദത്തിൽ സിപിഎം–സിപിഐ പോര് രൂക്ഷമാകുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയുടെ രൂക്ഷ വിമർശനം. പിണറായി വിജയന്റെ നിലപാട് മുന്നണി മര്യാദയുടെ ലംഘനമാണെന്നാണ് സത്യൻ മൊകേരിയുടെ വിമർശനം.

മുന്നണി രാഷ്ട്രീയത്തിൽ പാലിക്കേണ്ട ധാർമികത ഉയർത്തിപ്പിടിക്കാൻ പിണറായി വിജയന് കഴിഞ്ഞില്ലെന്നും ‘താൻ തീരുമാനിക്കും, എല്ലാം താനാണ്’ എന്ന ഭാവം മുന്നണിക്ക് ഗുണകരമല്ലെന്നും ലേഖനത്തിൽ വിമർശിക്കുന്നു. പിണറായി വിജയന്റെ പ്രസ്താവന ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്നും സത്യൻ മൊകേരി ചൂണ്ടിക്കാട്ടുന്നു. ലേഖനം പുറത്തുവന്നതിന് പിന്നാലെ സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. മുന്നണിയെ ശക്തിപ്പെടുത്താൻ താൽപര്യപ്പെടാത്ത പാർട്ടിയാണ് സിപിഐയെന്നും സിപിഐ തന്നെയാണ് രാഷ്ട്രീയ മര്യാദ ലംഘിച്ചതെന്നും ശിവൻകുട്ടി തിരിച്ചടിച്ചു. ജനയുഗത്തിൽ സത്യൻ മൊകേരിയുടെ ലേഖനം പ്രസിദ്ധീകരിച്ചത് നിർഭാഗ്യകരമാണെന്നും ശിവൻകുട്ടി പറഞ്ഞു.

പിണറായി വിജയൻ സ്വീകരിച്ച നടപടി ജനാധിപത്യപരമാണ്. മുന്നണിയിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ പത്രങ്ങളിലൂടെ പറയുന്ന രീതിയാണ് സിപിഐ പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു. പി.എം. ശ്രീ വിഷയത്തിലും ഇതേ രീതിയിലാണ് സിപിഐ പ്രതികരിച്ചതെന്ന് ശിവൻകുട്ടി ആരോപിച്ചു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഇതുവരെ സിപിഎമ്മാണ് കൈകാര്യം ചെയ്തിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ അത് മാറ്റേണ്ട കാര്യമില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.

Related Articles

Back to top button