മാവേലിക്കരയുടെ അഭിമാനം! 53 മത്സരാർത്ഥികളെ പിന്തള്ളി 19-ാം വയസിൽ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം ചൂടി കെസിയ

മാവേലിക്കര: കേരളത്തിന് അഭിമാനമായി ഈ വർഷത്തെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി 19കാരിയായ കെസിയ. ജയ്പൂരിൽ നടന്ന ഫൈനൽ മത്സരത്തിൽ 53 മത്സരാർഥികളെ പിന്തള്ളിയാണ് മാവേലിക്കര സ്വദേശിനി കെസിയ രാജ്യത്തിന്റെ സൗന്ദര്യകിരീടം സ്വന്തമാക്കിയത്. ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ് കെസിയ. തമിഴ്നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പും ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്ലേക്കർ സെക്കൻഡ് റണ്ണറപ്പുമായി.

നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. നിയമവിദ്യാർഥിയും മോഡലുമായ കെസിയ ഇതിനുമുമ്പും രാജ്യാന്തര വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയ്ക്കായി മത്സരിച്ച കെസിയ ഫസ്റ്റ് റണ്ണറപ്പായാണ് മടങ്ങിയത്. 2024ൽ സൗന്ദര്യമത്സര രംഗത്തേക്ക് ചുവടുവെച്ച കെസിയ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മിസ് യൂണിവേഴ്സ് കേരള 2026 കിരീടവും സ്വന്തമാക്കിയിരുന്നു. തുടർന്നാണ് ദേശീയ വേദിയിലെ ചരിത്രനേട്ടം.

കെസിയയുടെ വിജയത്തിന് തിളക്കം കൂട്ടുന്നത് കിരീടത്തിന് പിന്നിലെ പോരാട്ടത്തിന്റെ കഥ കൂടിയാണ്. അബുദാബിയിൽ വളർന്ന കെസിയ കൗമാരകാലത്ത് സമൂഹമാധ്യമങ്ങൾ മുന്നോട്ടുവെച്ച സൗന്ദര്യത്തിന്റെ കടുത്ത മാനദണ്ഡങ്ങൾ വലിയ ആത്മസംഘർഷങ്ങളിലേക്കാണ് നയിച്ചത്. ഇരുണ്ട ചർമത്തിന്റെ പേരിൽ വിഷമിച്ചിരുന്ന കാലമുണ്ടായിരുന്നു. ഫിൽട്ടറുകളില്ലാതെ സ്വന്തം ചിത്രം പകർത്താൻ പോലും മടിച്ചിരുന്ന കെസിയ, വെളുത്ത നിറമാണ് സൗന്ദര്യമെന്ന തെറ്റായ ധാരണയിൽ സ്വന്തം വ്യക്തിത്വം മറച്ചുവെക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കാലം മാറി. മുൻകാല പരാജയങ്ങളെയും നിരാശകളെയും ഇച്ഛാശക്തികൊണ്ട് മറികടന്ന് ആത്മവിശ്വാസത്തോടെ മുന്നേറിയ കെസിയ ഇന്ന് രാജ്യത്തിന്റെ സൗന്ദര്യകിരീടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

Related Articles

Back to top button