ചേർത്തലയിൽ നടുറോഡിൽ ക്രൂരമർദ്ദനം… ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികൾ…

ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ദൃശ്യങ്ങൾ അടക്കം തെളിവുകളുണ്ടായിട്ടും അറസ്റ്റ് വൈകുന്നതായി പരാതി. സംഭവത്തിൽ മൂന്ന് പേർക്കെതിരെ ചേർത്തല പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ മാസം 17ന് രാത്രി ഏഴോടെയാണ് ചേർത്തല പള്ളിച്ചന്ത ഓട്ടോ സ്റ്റാൻഡ് പരിസരത്ത് ആക്രമണമുണ്ടായത്. ചേർത്തല സ്വദേശി രതീഷ് (41) ആണ് ആക്രമിക്കപ്പെട്ടത്.

വഴക്കിടുകയായിരുന്ന രണ്ട് യുവാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് രതീഷിനെ മൂന്ന് യുവാക്കൾ ചേർന്ന് ആക്രമിച്ചതെന്നാണ് പരാതി. ഓടുകൊണ്ട് എറിയുകയും നിലത്തിട്ട് ചവിട്ടുകയും ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തതായി രതീഷും കുടുംബവും ആരോപിച്ചു. ബ്രെയിൻ ട്യൂമർ ബാധിതനായ താൻ മരുന്ന് വാങ്ങി മടങ്ങുന്നതിനിടെയാണ് സംഭവം കണ്ടതെന്നും വഴക്ക് തടയാൻ ശ്രമിച്ചതോടെ യുവാക്കൾ മറ്റൊരാളെ കൂടി വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നെന്നും രതീഷ് പറയുന്നു. നാട്ടുകാരായ കാശി, ശങ്കരൻ എന്നിവർക്കും കണ്ടാലറിയാവുന്ന മൂന്നാമനുമെതിരെയാണ് പൊലീസ് കേസെടുത്തത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ ഏഴ് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് രതീഷിന്റെയും കുടുംബത്തിന്റെയും പരാതി. കേസെടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും ഒന്നിലേറെ തവണ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ വൈകാതെ പിടികൂടാനാകുമെന്നാണ് ചേർത്തല പൊലീസിന്റെ വിശദീകരണം.

Related Articles

Back to top button