ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്ലാമിന്റെ ഹർജി….സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാം നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് കേരള സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും വിശദീകരണം തേടിയത്. വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ ജയിൽചട്ടത്തിലെ 587-ാം വകുപ്പ് റദ്ദാക്കുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്.
കേരളത്തിലെ ജയിലിൽനിന്ന് സ്വന്തം സംസ്ഥാനമായ അസമിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അമീറുൾ ഇസ്ലാം സുപ്രീം കോടതിയെ സമീപിച്ചത്. അമീറുളിന്റെ ഹർജിയിൽ അസമിന്റെയും കേരളത്തിന്റെയും നിലപാട് കോടതി നേരത്തെ തേടിയിരുന്നു. എന്നാൽ, കേരളം ജയിൽമാറ്റത്തെ എതിർക്കുന്നതിനാൽ അസം ഇതുവരെ വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ലെന്ന് പ്രതിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക റെബേക്ക ജോൺ ചൂണ്ടിക്കാട്ടി.



