പഞ്ഞമാസ സമ്പാദ്യ ആനുകൂല്യം ഉടൻ.. മത്സ്യത്തൊഴിലാളികൾക്ക്….

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി പഞ്ഞമാസ ആനുകൂല്യമായ സമ്പാദ്യ സമാശ്വാസ പദ്ധതി തുക ഓണത്തിന് മുമ്പ് വിതരണം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളായ തൊഴിലാളികളുടെ പട്ടിക സമർപ്പിക്കാൻ മത്സ്യഭവനുകൾക്ക് ഫിഷറീസ് മന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. പദ്ധതിയിലെ കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ തൊഴിലാളികൾക്ക് ലഭിക്കാത്തത് സംബന്ധിച്ച് വാർത്ത വന്നതിന് പിന്നാലെയാണ് ഫിഷറീസ് വകുപ്പിന്റെ ഇടപെടൽ.

മത്സ്യബന്ധന സീസൺ അല്ലാത്ത മെയ് മുതൽ ജൂലൈ വരെയുള്ള പഞ്ഞമാസങ്ങളിൽ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഗഡുക്കളായി ആകെ 6000 രൂപയാണ് അർഹരായവർക്ക് ലഭിക്കുക. മത്സ്യത്തൊഴിലാളികൾക്ക് പുറമെ മത്സ്യ അനുബന്ധ തൊഴിലാളികൾ, പീലിങ് തൊഴിലാളികൾ എന്നിവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കേണ്ടതാണ്. അതേസമയം, സൗജന്യ റേഷൻ വിതരണത്തിലും ഫിഷറീസ് വകുപ്പിന്റെ ഭാഗത്ത് നിന്ന് കാലതാമസമുണ്ടായെന്ന ആക്ഷേപം ഉയർന്നിരുന്നു. ട്രോളിങ് നിരോധനം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് സൗജന്യ റേഷന് അർഹരായ ഗുണഭോക്താക്കളുടെ പട്ടിക ഫിഷറീസ് വകുപ്പ് റേഷൻകടകൾക്ക് കൈമാറിയത്. ഗുണഭോക്താക്കളുടെ പട്ടിക സിവിൽ സപ്ലൈസിന് കൈമാറുന്നതിൽ ഉണ്ടായ കാലതാമസം മൂലം ട്രോളിങ് നിരോധനം അവസാനിച്ചതിന് ശേഷമാണ് സൗജന്യ റേഷൻ വിതരണം ആരംഭിച്ചത്.

Related Articles

Back to top button