അപകീർത്തികരമായ വ്യാജ പ്രചരണത്തിനെതിരെ പരാതി നൽകി റാപ്പർ വേടൻ

കൊച്ചി: അപകീർത്തികരമായ വ്യാജപ്രചരണത്തിനെതിരെ റാപ്പർ വേടൻ സംസ്ഥാന പൊലീസ് മേധാവിക്കും ആലുവ റൂറൽ പൊലീസിനും പരാതി നൽകി. സൗദി അറേബ്യയിൽ പന്നിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന ഹോട്ടൽ തുടങ്ങാൻ വേടൻ പദ്ധതിയിടുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെയാണ് പരാതി. തനിക്കെതിരെ ബോധപൂർവം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് വേടൻ ആരോപിച്ചു. പരിപാടികൾ കൂടുതൽ ലഭിക്കാൻ സാധ്യതയുള്ള സമയങ്ങളിൽ ചിലർ ഗൂഢാലോചന നടത്തി അപവാദ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സാധാരണ ഇത്തരം പ്രചരണങ്ങൾക്ക് മറുപടി നൽകാറില്ലെന്നും എന്നാൽ ഇത്തവണ പ്രതികരിക്കാതെ വയ്യെന്നും വ്യക്തമാക്കിയാണ് വേടൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്. തന്നെ ലക്ഷ്യമിട്ട് ബോധപൂർവം നടത്തുന്ന വ്യാജപ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും വേടൻ പറഞ്ഞു. സൗദി അറേബ്യയിൽ പന്നിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന റസ്റ്റോറന്റ് ചെയിൻ തുടങ്ങാൻ പോകുന്നുവെന്നും ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയെന്നുമുള്ള പ്രചരണങ്ങൾ പൂർണമായും കള്ളമാണെന്ന് വേടൻ വ്യക്തമാക്കി. അത്തരമൊരു പ്രസ്താവന താൻ ഒരിക്കലും നടത്തിയിട്ടില്ലെന്നും സൗദിയിലോ മറ്റേതെങ്കിലും ഗൾഫ് രാജ്യത്തോ ഹോട്ടലോ റസ്റ്റോറന്റോ ഭക്ഷണ ബിസിനസ്സോ തുടങ്ങാൻ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കമ്പനിയോ പങ്കാളിയോ അപേക്ഷയോ ഒന്നും തന്നെ തനിക്കില്ലെന്നും വേടൻ വ്യക്തമാക്കി.

സൗദിയിലേക്ക് പോകുന്നത് പെർഫോമിംഗ് ആർട്ടിസ്റ്റ് എന്ന നിലയിൽ പരിപാടി സംഘാടകരുടെ ക്ഷണപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. താൻ പോകുന്ന ഓരോ രാജ്യത്തിന്റെയും നിയമങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും എന്നും ബഹുമാനിച്ചിട്ടുണ്ടെന്നും അതിന് വിരുദ്ധമായി ആരെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനം നടത്തിയിട്ടില്ലെന്നും വേടൻ വ്യക്തമാക്കി. വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വേടൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Back to top button