അഴിമതിപ്പണം വെളുപ്പിക്കാൻ വീണയുടെ കമ്പനികളെ മറയാക്കി…. ഷോൺ ജോർജ്

കോട്ടയം: പിണറായി വിജയനും മകൾ വീണാ വിജയനും എതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്നതിനെ ചോദ്യം ചെയ്ത ഷോൺ ജോർജ്, രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
പിണറായി വിജയൻ സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ ആരംഭിച്ച അഴിമതിയുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അഴിമതിപ്പണം വെളുപ്പിക്കാനാണ് വീണാ വിജയന്റെ കമ്പനികളെ മറയാക്കിയതെന്നുമാണ് ഷോൺ ജോർജിന്റെ ആരോപണം. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഔദ്യോഗികമായി പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു. പുറത്തുവന്ന പണമിടപാട് രേഖകൾ തന്റേതല്ലെന്ന് വീണാ വിജയൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. വീണയുടെ കമ്പനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമനടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും ഷോൺ ജോർജ് ചോദിച്ചു. അന്വേഷണ ഏജൻസിയായ ഇ.ഡിയുമായി താൻ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് അന്വേഷണ പുരോഗതി അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് ഹവാല മാർഗം പണം കടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചു. വിഷയം കേവലം സാമ്പത്തിക കുറ്റകൃത്യമല്ലെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് കോഴിക്കോട് കേന്ദ്രീകരിച്ച് വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചു. എന്നാൽ ഇപ്പോഴത്തെ പരിശോധന റിയാസിനെതിരായ റെയ്ഡല്ലെന്നും വീണാ വിജയൻ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിന്റെ പരിധിയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സേവനവും നൽകാതെ വീണാ വിജയന് കോടികൾ കൈമാറിയെന്ന മുൻ ആരോപണങ്ങളെ പരാമർശിച്ച ഷോൺ ജോർജ്, ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അതിനെ ശരിവയ്ക്കുന്നതാണെന്നും അവകാശപ്പെട്ടു. ‘ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്’ എന്നായിരുന്നു ഷോൺ ജോർജിന്റെ പ്രതികരണം.



