യുവാവിനെ മർദിച്ചു, പിന്നാലെ വീട്ടിലെത്തി ഭാര്യയെ….

കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി ചാലാക്ക വിഷ്ണു (35) വിനെതിരെ ആണ് പൊലീസ് നടപടി. അടുത്തിടെ യുവാവിനെ കാർ തടഞ്ഞുനിർത്തി മർദിക്കുകയും വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെയ്ത വിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തുട‍ർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ജൂലൈ 28നായിരുന്നു കേസിനാസ്പദമായ സംഭവം. പുല്ലാനി ഭാഗത്തെ ജാതിത്തോട്ടത്തിൽ വിഷ്ണുവും സംഘവും മദ്യപിച്ച് ചീട്ടുകളിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തത് സമീപവാസിയായ യുവാവ് ചോദ്യം ചെയ്തു. ഇതിന്റെ വിരോധത്തിൽ തുറവൂർ ഉതുപ്പ് കവലയിൽവെച്ച് യുവാവിന്റെ കാർ തടഞ്ഞുനിർത്തി മർദിച്ചതായാണ് പരാതി. തുടർന്ന് യുവാവ് അങ്കമാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി അറിഞ്ഞ വിഷ്ണു, യുവാവിന്റെ വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അങ്കമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Related Articles

Back to top button