കെപിസിസി അധ്യക്ഷനെ ചൊല്ലി നിർണായക നീക്കം… കെസിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നിർണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലെ കെ.സി. വേണുഗോപാലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുമ്പോൾ വി.ഡി. സതീശൻ ആരെ പിന്തുണയ്ക്കുമെന്നതാണ് പ്രധാന ആകാംക്ഷ. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്.
സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകാൻ കഴിയുന്ന ഒരാൾ കെപിസിസി അധ്യക്ഷനാകണമെന്നാണ് വി.ഡി. സതീശന്റെ നിലപാട്. ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി തുടങ്ങിയ എംപിമാരും മാത്യു കുഴൽനാടൻ എംഎൽഎയും ജോസഫ് വാഴക്കനും ഉൾപ്പെടെ നിരവധി പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കെ.സി. വേണുഗോപാൽ പക്ഷത്തുനിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന പേരുകളിലൊന്നാണ് മാത്യു കുഴൽനാടൻ. നേരത്തെ കെ. മുരളീധരൻ, സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കളും ഹൈക്കമാൻഡിനെ തങ്ങളുടെ നിലപാട് അറിയിച്ചിരുന്നു. അതിനിടെ, പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും മുൻ കെപിസിസി അധ്യക്ഷന്മാരുടെയും അഭിപ്രായങ്ങൾ തേടാൻ ഹൈക്കമാൻഡ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയെ ചുമതലപ്പെടുത്തിയിരുന്നു.
നിലവിലെ കെപിസിസി അധ്യക്ഷനായിരുന്ന സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ട സാഹചര്യമുണ്ടായത്. നിലവിൽ കെപിസിസി അധ്യക്ഷനില്ലാത്തത് സംസ്ഥാന കോൺഗ്രസിൽ വലിയ സംഘടനാ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന നിലപാടിലാണ് എഐസിസി നേതൃത്വം. കെ.സി. വേണുഗോപാലും വി.ഡി. സതീശനും തമ്മിലുള്ള ഇന്നത്തെ കൂടിക്കാഴ്ച അധ്യക്ഷ തിരഞ്ഞെടുപ്പിൽ നിർണായകമായേക്കുമെന്നാണ് വിലയിരുത്തൽ.




