ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു… 19കാരന്റെ ജനനേന്ദ്രിയം തകർത്ത് സഹപാഠികൾ

കോട്ടയം: ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേൽപ്പിച്ചതായി പരാതി. ഇടുക്കി തൊടുപുഴയിലെ ഗ്രാൻഡിസ് എന്ന സ്ഥാപനത്തിൽ പഠിക്കുന്ന അണക്കര സ്വദേശിയായ 19കാരനാണ് ആക്രമണത്തിനിരയായത്. മൊബൈൽ ഫോൺ, ലാപ്ടോപ്പ് സർവീസ് കോഴ്സിനാണ് വിദ്യാർത്ഥി സ്ഥാപനത്തിൽ ചേർന്നത്. അഞ്ഞൂറിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
സ്ഥാപനത്തിന്റെ ഹോസ്റ്റൽ സൗകര്യം ലഭ്യമാണെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു വീട് ഹോസ്റ്റലായി സജ്ജീകരിച്ചാണ് വിദ്യാർത്ഥികളെ താമസിപ്പിച്ചിരുന്നതെന്നാണ് പരാതി. മൂന്ന് മുറികളിലായി 11 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിനിടെ ഹോസ്റ്റലിൽ താമസിച്ചിരുന്ന മൂന്ന് പേർ സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് 19കാരന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വിവരം അധ്യാപകരെ അറിയിച്ചു. അധ്യാപകർ ആവശ്യപ്പെട്ടതിനെ തുടർന്ന് ലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ വിദ്യാർത്ഥി കൈമാറി. അധ്യാപകർ ഹോസ്റ്റലിലെത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ ലഹരി ഉപയോഗിച്ചതായി വിദ്യാർത്ഥികൾ സമ്മതിച്ചെങ്കിലും ഒരുതവണ മാത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു വിശദീകരണം. എന്നാൽ ഉപദേശിച്ചതിന് ശേഷം മറ്റ് നടപടികളൊന്നും സ്വീകരിക്കാതെ ഇവരെ വിട്ടയച്ചെന്നാണ് മർദനമേറ്റ വിദ്യാർത്ഥിയുടെ ആരോപണം.
തുടർന്നാണ് ലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങൾ അധ്യാപകർക്ക് കൈമാറിയത് 19കാരനാണെന്ന് സഹപാഠികൾ മനസ്സിലാക്കിയത്. ഇതോടെ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്നും ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേൽപ്പിച്ചെന്നുമാണ് വിദ്യാർത്ഥിയുടെ പരാതി. തിങ്കളാഴ്ച നടന്ന സംഭവം ഭയംമൂലം വിദ്യാർത്ഥി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നീട് വേദന ശക്തമായതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ശസ്ത്രക്രിയയ്ക്കും വിധേയനായി.
സംഭവത്തിൽ തൊടുപുഴ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം പ്രതിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു. എന്നാൽ സംഭവത്തിൽ ആരോപണവിധേയരായ മറ്റ് രണ്ട് പേർക്കെതിരെ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നാണ് വിവരം.




