ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ തക്കം; ഓട്ടം വിളിച്ച ഉബർ കാർ

തിരുവനന്തപുരം കഠിനംകുളത്ത് ഉബർ കാർ തട്ടിയെടുത്ത് രക്ഷപ്പെട്ട ഗുണ്ടയ്ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. പുതുക്കുറിച്ചി സ്വദേശിയായ സുഹൈൽ കനി (32) ആണ് നിരവധി ക്രിമിനൽ പശ്ചാത്തലങ്ങളുള്ള ഈ കൃത്യം നടത്തിയത്. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് പ്രതി ഉബർ കാർ ബുക്ക് ചെയ്തത്. പെരുമാതുറ ജംഗ്ഷനിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ വരാനുണ്ടെന്ന് പറഞ്ഞ് ഇയാൾ കാർ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. കാർ നിർത്തിയ സമയത്ത് ഡ്രൈവർ തൊട്ടടുത്ത കടയിൽ ചായ കുടിക്കാൻ ഇറങ്ങിയ തക്കം നോക്കി പ്രതി വണ്ടിയുമായി കടന്നുകളയുകയായിരുന്നു.

തുടർന്ന് കാർ ഡ്രൈവർ കഠിനംകുളം പോലീസിൽ വിവരമറിയിച്ചു. അന്വേഷണത്തിൽ വർക്കല ഭാഗത്തേക്കാണ് കാറുമായി രക്ഷപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നിരവധി കേസുകളിൽ പ്രതിയായ സുഹൈൽ കനി ഒരുതവണ കാപ്പ കേസിൽ നാടുകടത്തലിനും ഒരുതവണ ആറുമാസം ജയിൽ ശിക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്.

ഇയാൾ ഇന്നലെ രാത്രി മൂന്നു പേരെ മർദ്ദിക്കുകയും ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിൽ പുതുക്കുറിച്ചി സ്വദേശിയായ ഷറഫുദ്ദീൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റു രണ്ടുപേർ സ്റ്റേഷൻ റൗഡികളാണ്.

ഈ വിവരമറിഞ്ഞ പോലീസ് പ്രതിയെ തിരഞ്ഞ് വരുന്നതിനിടെയാണ് വെളുപ്പിന് കാറുമായി കടന്നു കളഞ്ഞത്. തിരുവനന്തപുരം റൂറൽ പോലീസ് പ്രതിക്കായി വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്. കാർ ചെറിയതുറയിൽ നിന്നും പോലീസ് കണ്ടെത്തിയതായാണ് വിവരം.

Related Articles

Back to top button