പ്രവാസികളുടെ ഓണം കെങ്കേമമാക്കാൻ .. കൊച്ചിയിൽനിന്ന് കാർഗോ വിമാനം പറന്നു

ഓണസദ്യയുടെ രുചിയും കേരളത്തിന്റെ തനിമയും ഗൾഫ് നാടുകളിലെത്തിക്കാൻ കേരളത്തിൽനിന്ന് വൻതോതിൽ പഴം, പച്ചക്കറി, വാഴയില എന്നിവയുമായി ലുലുവിന്റെ പ്രത്യേക കാർഗോ വിമാനം കൊച്ചിയിൽനിന്ന് പുറപ്പെട്ടു. നാഷണൽ എയർലൈൻസിന്റെ കാർഗോ വിമാനത്തിലാണ് 45 ടൺ ഭക്ഷ്യവിഭവങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്ക് അയച്ചത്.
ഓണസദ്യയ്ക്ക് ആവശ്യമായ വിവിധയിനം പഴം, പച്ചക്കറി വിഭവങ്ങളാണ് ആദ്യ വിമാനത്തിലുള്ളത്. ഇതിന് പുറമെ 60 ടൺ പഴം, പച്ചക്കറി, വാഴയില തുടങ്ങിയവയുമായി മറ്റൊരു കാർഗോ വിമാനം ഓഗസ്റ്റ് 20ന് കൊച്ചിയിൽനിന്ന് പുറപ്പെടും. ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിലാണ് ഗൾഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിലേക്ക് ഓണവിപണിക്കാവശ്യമായ വിഭവങ്ങൾ എത്തിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പഴം-പച്ചക്കറി ഉൽപ്പന്നങ്ങളാണ് ഇത്തവണ വിവിധ ജി.സി.സി രാജ്യങ്ങളിലെ സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്.
ഓണക്കാലത്ത് പ്രവാസി മലയാളികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ നേരത്തെ തന്നെ ക്രമീകരണങ്ങൾ നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ കേരളത്തിൽനിന്ന് നേരിട്ട് ഗൾഫ് വിപണികളിലേക്ക് എത്തിക്കുന്നത്.



