‘ഞങ്ങൾക്ക് വലിയ വരുമാന നഷ്ടം’.. കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകൾ നടുറോഡിൽ തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ

പത്തനംതിട്ട തണ്ണിത്തോട്ടിൽ ഇന്ന് പുതുതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകൾ സ്വകാര്യ ബസ് ജീവനക്കാർ തടഞ്ഞു. ഏറെ വർഷങ്ങളായി ഈ റൂട്ടിൽ കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നില്ല. 15 മിനിറ്റ് ഇടവേളകളിൽ സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തിയിരുന്ന റൂട്ടിലാണ് കെഎസ്ആർടിസി പുതിയതായി സർവീസ് ആരംഭിച്ചത്. സർവീസ് ആരംഭിച്ചതിന് പിന്നാലെയാണ് സ്വകാര്യ ബസ് ജീവനക്കാർ ബസുകൾ തടഞ്ഞത്.

‘ബ്ലൂ ഹിൽ’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരും ഉടമകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രിയദർശിനി സർവീസ് ആരംഭിച്ചാൽ വലിയ വരുമാന നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ന് രാവിലെയാണ് ആന്റോ ആന്റണി എംപി പുതിയ പ്രിയദർശിനി ബസുകൾ ഫ്ളാഗ്ഒഫ് ചെയ്തത്.

പിന്നാലെ സ്വകാര്യ ബസുടമ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 16 ബസുകൾ ഒരുമിച്ച് ജംഗ്ഷനിലേക്ക് കൊണ്ടുവന്നിടുകയായിരുന്നു. സ്വകാര്യ ബസുകൾ എത്തുന്നതിന് അഞ്ച് മിനിറ്റ് മുൻപായി കെഎസ്ആർടിസി എത്തി യാത്രക്കാരെ കൊണ്ടുപോകുന്നുവെന്നും ഇതിലൂടെ തങ്ങൾക്ക് ലഭിക്കേണ്ട വരുമാനം നഷ്ടമാകുന്നുവെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.

പ്രതിഷേധ സൂചകമായി ബ്ലൂ ഹിൽ ബസുകൾ ഇന്ന് സർവീസ് നടത്തിയില്ല. കെഎസ്ആർടിസി സർവീസുകൾ ഇല്ലാത്ത സ്ഥലങ്ങളിലേക്ക് പുതിയതായി പ്രിയദർശിനി ബസുകൾ ഓടിക്കില്ലെന്ന് നേരത്തെ അധികൃതർ വാഗ്ദാനം നൽകിയിരുന്നതായി സ്വകാര്യ ബസുടമകൾ പറയുന്നു. എന്നാൽ ഇതിന് വിപരീതമായാണ് ഇപ്പോൾ പുതിയ റൂട്ടുകളിൽ സർവീസ് തുടങ്ങിയത്. ഇതിന് പുറമെ, സർവീസ് നടത്തുന്ന ഈ കെഎസ്ആർടിസി ബസുകൾക്ക് പെർമിറ്റോ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഇല്ലെന്ന ഗുരുതരമായ ആരോപണവും സ്വകാര്യ ബസ് ഉടമകൾ ഉന്നയിക്കുന്നുണ്ട്.

തണ്ണിത്തോട് റൂട്ടിൽ കെഎസ്ആർടിസി സർവീസുകളുമായി ബന്ധപ്പെട്ട് മുൻപും സ്വകാര്യ ബസുകാരുമായി പലതവണ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിൽ കൃത്യമായ പരിഹാരം കാണാത്തതിന്റെ തുടർച്ചയായാണ് ഇന്ന് രാവിലെ ബസ് തടയുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയത്.

സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയും ഗതാഗത തടസ്സവും ഉണ്ടായി. സംഭവത്തിൽ അധികൃതർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിച്ചു. സർവീസ് തടസ്സപ്പെടുത്തിയ സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related Articles

Back to top button