‘ഇനിയും കാത്തിരിക്കാനാവില്ല’…. ബിജെപി വിട്ടതിന് പിന്നാലെ തുറന്നടിച്ച് ദേവൻ

ബിജെപി വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടനും രാഷ്ട്രീയ പ്രവർത്തകനുമായ ദേവൻ. തന്റെ അഭിപ്രായങ്ങൾ കേൾക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്നും സംസ്ഥാന അധ്യക്ഷനോട് സംസാരിക്കാൻ പോലും അവസരം ലഭിച്ചില്ലെന്നും ദേവൻ പറഞ്ഞു. ആറുമാസമായി ഇതിനായി കാത്തിരിക്കുകയാണ്. ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് എന്തെങ്കിലും മാറ്റം ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിച്ചത്. മരിക്കുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്യണം. ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്നും ദേവൻ പ്രതികരിച്ചു.
ബിജെപി ദേശീയ നേതൃത്വത്തിനുള്ള പ്രാപ്തി സംസ്ഥാന നേതൃത്വത്തിനില്ലെന്നും ദേവൻ വിമർശിച്ചു. കെ. സുരേന്ദ്രന് കുറച്ചുകൂടി രാഷ്ട്രീയ അറിവുണ്ട്. എന്നാൽ രാജീവ് ചന്ദ്രശേഖർ ഒരു ‘കോർപ്പറേറ്റ് പൊളിറ്റീഷൻ’ ആണെന്നും അദ്ദേഹത്തിന് കോർപ്പറേറ്റ് സ്വഭാവമാണെന്നും ദേവൻ ആരോപിച്ചു. സംസ്ഥാന അധ്യക്ഷൻ ശരിയായ കാര്യങ്ങൾ ദേശീയ നേതൃത്വത്തെ അറിയിക്കുന്നില്ലെന്നും കേന്ദ്ര നേതൃത്വത്തോട് ഇക്കാര്യങ്ങൾ സംസാരിക്കാൻ തനിക്ക് അവസരം ലഭിച്ചില്ലെന്നും ദേവൻ പറഞ്ഞു. അതേസമയം, താൻ നേരത്തെ ആരംഭിച്ച കേരള പീപ്പിൾസ് പാർട്ടിയുമായി മുന്നോട്ട് പോകുമെന്നും ദേവൻ വ്യക്തമാക്കി. ജനങ്ങൾക്ക് തന്നിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2004ലാണ് ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. കേരളം അവികസിതമായി തുടരുന്നുവെന്ന നിലപാടിലായിരുന്നു പാർട്ടി രൂപീകരണം. പിന്നീട് കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദേവൻ അന്ന് വ്യക്തമാക്കിയിരുന്നു. 2004ൽ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ കേരള പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച ദേവൻ പരാജയപ്പെട്ടിരുന്നു.



