പീഡനക്കേസ് നൽകിയതിന് പിന്നാലെ വധഭീഷണി… കാപ്പാ കേസ് പ്രതി…

മലപ്പുറം: മുന്നിയൂരിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ അതിജീവിതയുടെ കുടുംബത്തിന് വധഭീഷണി മുഴക്കിയെന്ന കേസിൽ തിരൂർ സ്വദേശി അബ്ദുൾ അസീമിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരവും നടപടിയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് പരാതി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് സ്വർണാഭരണങ്ങൾ കൈക്കലാക്കിയെന്നും പരാതിയുണ്ട്.
കുടുംബം പരാതി നൽകിയതിന് പിന്നാലെയാണ് പ്രതി ഭീഷണി മുഴക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. പുറത്തിറങ്ങിയാൽ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഇരുട്ടിന്റെ മറവിൽ കണ്ടാൽ കരഞ്ഞുകാൽ പിടിച്ചാലും വെറുതെ വിടില്ലെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി കുടുംബസുഹൃത്ത് പറഞ്ഞു. ലൈംഗിക പീഡനം വലിയൊരു നെറ്റ്‌വർക്കിന്റെ ഭാഗമാണെന്നും തനിക്ക് ഇതൊന്നും വലിയ സംഭവമല്ലെന്നും പ്രതി പറഞ്ഞതായി കുടുംബം ആരോപിച്ചു. ഭീഷണിക്ക് പിന്നാലെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, പരാതി നൽകിയിട്ടും ആദ്യഘട്ടത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് അതിജീവിതയുടെ പിതാവ് ആരോപിച്ചു. കേസിൽ നീതി ലഭിക്കണമെന്നും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തണമെന്നും കൈക്കലാക്കിയതായി ആരോപിക്കുന്ന സ്വർണാഭരണങ്ങൾ വീണ്ടെടുക്കണമെന്നും കുടുംബസുഹൃത്ത് ആവശ്യപ്പെട്ടു.



