പുഴയിൽ കാണാതായ 80കാരിയുടെ മൃതദേഹം കണ്ടെത്തി…

കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കുന്ദമംഗലം തൂവക്കുന്ന് സ്വദേശിനി രാധയുടെ (80) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ രാധയെ കാണാതായതായി സംശയിക്കുന്ന കുന്ദമംഗലം താളിക്കുണ്ട് കടവിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ മുതൽ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ സംഘം, സിവിൽ ഡിഫൻസ് അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്ന് പുഴയിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. രാധയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടെ പൂനൂർ പുഴയോരത്ത് നിന്ന് ഇവരുടെ ചെരുപ്പും മോതിരവും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. ഇതോടെയാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്. കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



