ആർഎസ്എസിനെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് ഐഷി ഘോഷ്….

തിരുവനന്തപുരം: ഡി വൈ എഫ് ഐയുടെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ ആർ എസ് എസിനെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ജെ എൻ യു മുൻ യൂണിയൻ പ്രസിഡന്റും എസ് എഫ് ഐ ദേശീയ നേതാവുമായ ഐഷി ഘോഷ്. ഭീതിയിൽ നിന്നുള്ള മോചനവും കർഷകർക്കും സ്ത്രീകൾക്കും യുവാക്കൾക്കും അർഹമായ അവകാശങ്ങൾ ഉറപ്പാക്കലുമാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്ന് ഐഷി ഘോഷ് പറഞ്ഞു. 79 വർഷം മുൻപ് രാജ്യം നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുകയാണ് വേണ്ടതെന്നും അവർ ആവശ്യപ്പെട്ടു. പുന്നപ്ര-വയലാർ സമരം ഉൾപ്പെടെയുള്ള കേരളത്തിലെ സമരങ്ങളടക്കം ചൂണ്ടിക്കാട്ടിയ ഐഷി, കൂട്ടായ പ്രവർത്തനങ്ങളുടെയും സമരങ്ങളുടെയും ചരിത്രമാണ് ഇന്ത്യയ്ക്കുള്ളതെന്നും വിവരിച്ചു.

എന്നാൽ ആർ എസ് എസിന്‍റെ നേതൃത്വത്തിൽ ഇതെല്ലാം തകർക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഇതിനെതിരായ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടന്ന ജെൻസി സമരം പെട്ടന്ന് ഉണ്ടായ ഒരു സംഭവം അല്ല. കഴിഞ്ഞ 12 വർഷത്തെ കേന്ദ്ര സർക്കാരിന്‍റെ അടിച്ചമർത്തലുകൾക്ക് എതിരെ ഉള്ള പ്രക്ഷോഭമായിരുന്നു അതെന്നും സമരത്തിൽ സജീവമായി പങ്കെടുത്ത ഐഷി ഘോഷ് വിവരിച്ചു. ഡി വൈ എഫ് ഐ കോവളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സംഘടിപ്പിച്ച ‘യങ് ഇന്ത്യ’ പരിപാടിയിലായിരുന്നു ആർ എസ് എസിനും കേന്ദ്ര സർക്കാരിനുമെതിരായ എസ് എഫ് ഐ നേതാവിന്‍റെ വിമർശനം.

Related Articles

Back to top button