കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ…

തിരുവനന്തപുരം: ഡോ. ഡി. സജിത് ബാബു സംസ്ഥാനത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാകും. സംസ്ഥാന സർക്കാർ നൽകിയ നിർദേശത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. കേരളം നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സജിത് ബാബുവിനെ തിരഞ്ഞെടുത്തത്. ഇതുസംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു ഡോ. ഡി. സജിത് ബാബു. നേരത്തെ കാസർഗോഡ് ജില്ലാ കളക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതിനെ തുടർന്ന് എ. കൗശികനെയാണ് താൽക്കാലികമായി സി.ഇ.ഒ ആയി നിയമിച്ചത്. കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതോടെയാണ് പുതിയ നിയമനത്തിന് വഴിയൊരുങ്ങിയത്. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. ഡി. സജിത് ബാബു പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഉടൻ ചുമതലയേൽക്കും.



