പൊലീസ് സ്റ്റേഷനിലേക്ക് ഇനി ഭയമില്ലാതെ കയറാം… ‘മൈ പൊലീസ് സ്റ്റേഷൻ’ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാന പൊലീസിന് കൂടുതൽ ജനസൗഹൃദ മുഖം നൽകുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു.

പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാൻ കഴിയുന്ന സേവനകേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജനാധിപത്യ പൊലീസിങ്ങിന്റെ തുടക്കമാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.പൊലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാർക്ക് നീതി ഉറപ്പാക്കുമെന്നും കുറ്റവാളികൾ പൊലീസിനെ ഭയപ്പെട്ടാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി. സാധാരണക്കാരോട് പൊലീസ് സൗഹൃദപരമായി പെരുമാറണം. ജനങ്ങളോട് മോശമായി പെരുമാറുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുകാർക്ക് കേരള പൊലീസ് മാതൃകയാണെങ്കിലും ഇനിയും മുന്നോട്ടുപോകാനുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കസ്റ്റഡിയിലെടുക്കുന്നവരോട് കസ്റ്റഡി ക്രൂരതകൾ പാടില്ല. ലോക്കപ്പ് മർദനവും ലോക്കപ്പ് മരണവും അപരിഷ്കൃത നടപടികളാണെന്നും ഇത്തരം സംഭവങ്ങൾ ഇനി പൊലീസിൽ ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പൊലീസിൽ ജനാധിപത്യവൽക്കരണം പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഓരോ പൊലീസ് സ്റ്റേഷനിലും നടക്കുന്ന കാര്യങ്ങൾ ആഭ്യന്തര മന്ത്രിയുടെ ഓഫീസിലും എത്തുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, ഓപ്പറേഷൻ തൂഫാൻ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് ഡാൻസാഫ് ടീം പ്രത്യേക ജാഗ്രതയിലാണ്. ആരാണ് ലഹരി വിതരണം ചെയ്താലും നിയമത്തിന് മുന്നിൽ കൊണ്ടുവരും. ലഹരിക്കെതിരായ നടപടികളിൽ രാഷ്ട്രീയമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Related Articles

Back to top button