മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള നീക്കത്തിൽ മുൻ മന്ത്രി അധികാര ദുർവിനിയോഗം നടത്തി.. മന്ത്രി

കൊച്ചി: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്‌മാൻ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവും നടത്തിയതായി കായികമന്ത്രി ഒ.ജെ. ജനീഷ്. സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തശേഷം സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന് പറയുന്നതിൽ അർഥമില്ലെന്നും മന്ത്രി പറഞ്ഞു. മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്നാണ് മന്ത്രിയുടെ വിമർശനം. കേന്ദ്ര അനുമതിക്കായി അപേക്ഷകൾ നൽകുന്നതിലടക്കം മുൻ മന്ത്രിയുടെ വകുപ്പ് നേരിട്ട് ഇടപെട്ടെന്നും ഇത് ഔദ്യോഗിക ചാനലുകളിലൂടെയായിരുന്നില്ലെന്നും ജനീഷ് വ്യക്തമാക്കി.
ഗോട്ട് ആഡ് എന്ന പരസ്യ കമ്പനിയുടെ ഇ-മെയിലിൽ നിന്നാണ് മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളുടെ തുടക്കമെന്നും മന്ത്രി പറഞ്ഞു. ഇ-മെയിൽ അയക്കുന്നതിന് 20 ദിവസം മുമ്പ് മാത്രമാണ് കമ്പനി രജിസ്റ്റർ ചെയ്തിരുന്നത്. ഒരു ലക്ഷം രൂപ മാത്രം പെയ്ഡ് ക്യാപിറ്റലുള്ള, രജിസ്റ്റർ ചെയ്ത് 20 ദിവസം മാത്രം പിന്നിട്ട കമ്പനിയുടെ വിശ്വാസ്യതയോ മുൻപരിചയമോ പരിശോധിക്കാതെയാണ് ലോകപ്രശസ്തനായ താരത്തെ കേരളത്തിലെത്തിക്കാനുള്ള ചർച്ചകൾ ആരംഭിച്ചതെന്നും മന്ത്രി ആരോപിച്ചു. മുൻ മന്ത്രിയുടെ ഔദ്യോഗികവും വ്യക്തിപരവുമായ ഇ-മെയിലുകൾ വഴി രണ്ട് വർഷത്തോളം നീണ്ട കത്തിടപാടുകൾ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നില്ലെന്നും ജനീഷ് പറഞ്ഞു. ഇത്രയും കാലം ആശയവിനിമയങ്ങൾ മറച്ചുവെച്ചതിൽ സ്വകാര്യ താത്പര്യങ്ങളുണ്ടെന്ന ആരോപണവും മന്ത്രി ഉന്നയിച്ചു. കത്തിടപാടുകളിൽ അമീറ ആയിഷ ബീഗം എന്ന സ്ത്രീയുടെ പേര് പരാമർശിക്കപ്പെട്ടതും അവർക്ക് മന്ത്രി കത്തുകളുടെ പകർപ്പുകൾ അയച്ചതും ദുരൂഹത വർധിപ്പിക്കുന്നതായി ജനീഷ് പറഞ്ഞു.
കേരള ഫുട്ബോൾ അസോസിയേഷനെയോ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെയോ ചർച്ചകളിൽ പങ്കാളികളാക്കിയില്ലെന്നതും ശ്രദ്ധേയമാണെന്നും മന്ത്രി വ്യക്തമാക്കി. മുൻ മന്ത്രിയുടെ സ്പെയിൻ യാത്രയ്ക്കായി ഏകദേശം 14 ലക്ഷം രൂപ സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചതും സാമ്പത്തിക നഷ്ടമായി കണക്കാക്കാമെന്ന് ജനീഷ് പറഞ്ഞു. 126 കോടി രൂപയുടെ സ്പോൺസർഷിപ്പ് കരാറിനെക്കുറിച്ച് പറയുമ്പോഴും നിയമപരവും ഭരണഘടനാപരവുമായ ബാധ്യതകൾ സർക്കാർ ഗൗരവമായി പരിഗണിച്ചില്ലെന്നും മന്ത്രി ആരോപിച്ചു. സാമ്പത്തിക ലാഭമുണ്ടാക്കാൻ ശ്രമിച്ച സ്വകാര്യ ഏജൻസികൾക്കായി സർക്കാർ സംവിധാനത്തെ ദുരുപയോഗം ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണെന്നും ജനീഷ് പറഞ്ഞു. സംഭവത്തിൽ ധന, നിയമ വകുപ്പുകളുടെയും മറ്റ് ഏജൻസികളുടെയും വിശദമായ അന്വേഷണം ഉണ്ടാകുമെന്നും കായികമന്ത്രി അറിയിച്ചു.



