NEET പരീക്ഷയ്ക്ക് മുമ്പ് 132 ചോദ്യങ്ങളും ഉത്തരങ്ങളും… ആശുപത്രി മുറിയിൽ ‘രഹസ്യ പഠനം’

NEET ചോദ്യപേപ്പർ ചോർച്ച കേസിൽ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലാത്തൂരിലെ കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി നൽകിയെന്നാണ് സിബിഐ കുറ്റപത്രത്തിലെ കണ്ടെത്തൽ. എൻടിഎ പാനലിലെ കെമിസ്ട്രി വിദഗ്ധനായ പ്രഹ്ലാദ് കുൽക്കർണിയാണ് ചോദ്യങ്ങൾ ചോർത്തി നൽകിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ലാത്തൂരിലെ സിദ്ധിവിനായക് ആശുപത്രിയിലെ ‘ഡീലക്സ് റൂമിൽ’ വെച്ചാണ് വിദ്യാർത്ഥിക്ക് രഹസ്യ ക്ലാസുകൾ നൽകിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
മൂന്ന് ദിവസങ്ങളിലായി നടന്ന ക്ലാസുകൾക്കിടെ 132 കെമിസ്ട്രി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വിദ്യാർത്ഥിക്ക് എഴുതി നൽകിയെന്നാണ് കണ്ടെത്തൽ. കേസിലെ മുഖ്യപ്രതിയും രേണുകായ് കോച്ചിംഗ് സെന്റർ ഉടമയുമായ ശിവരാജ് മൊട്ടേഗാവങ്കറുടെ മകനാണ് ചോദ്യങ്ങളും ഉത്തരങ്ങളും ലഭിച്ചത്. കേസിൽ എൻടിഎ വിദഗ്ധനായ പ്രഹ്ലാദ് കുൽക്കർണിയെയും ആശുപത്രി ഉടമ ഡോ. മനോജ് ഷിരൂരെയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും എഴുതിയെടുത്ത നോട്ട്ബുക്ക് പരീക്ഷയ്ക്ക് ശേഷം ആക്രിക്കാരന് വിറ്റതായാണ് വിദ്യാർത്ഥിയുടെ മൊഴി. ജൂലൈ 28ന് ഡൽഹി കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് കേസിലെ നിർണായക വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.
അഴിമതി നിരോധന നിയമവും പൊതുപരീക്ഷാ നിയമവും പ്രകാരമാണ് കേസിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ഒന്നര മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ. എൻടിഎയിൽ ചോദ്യപേപ്പർ തയ്യാറാക്കാൻ എത്തിയവരും പ്രതിപ്പട്ടികയിലുണ്ട്. മേയ് ഒന്നിന് രാജസ്ഥാനിലെ സിക്കറിൽ വ്യാപകമായി പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിന് യഥാർഥ NEET ചോദ്യപേപ്പറുമായി സാമ്യം കണ്ടെത്തിയതോടെയാണ് ക്രമക്കേട് പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സിബിഐ കണ്ടെത്തിയത്.



