ക്ഷേമപെൻഷൻ ഇനി വീടുകളിലെത്തില്ല; ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യണ്ടി വരിക 23.14 ലക്ഷം പേർ

വാതിൽപ്പടി ക്ഷേമപെൻഷൻ വിതരണം നിർത്തലാക്കുന്നതോടെ സംസ്ഥാനത്തെ 23.14 ലക്ഷം ഗുണഭോക്താക്കൾ പെൻഷൻ ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യേണ്ടിവരും. ഇതിനകം ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുള്ളവർക്ക് അതുതന്നെ പെൻഷൻ വിതരണത്തിനായി ഉപയോഗിക്കാം. പുതിയതായി അക്കൗണ്ട് തുടങ്ങേണ്ടവർക്ക് നടപടികൾ പൂർത്തിയാക്കാൻ ആവശ്യമായ സമയം അനുവദിക്കുമെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു.

നിലവിൽ സംസ്ഥാനത്ത് 51,10,908 പേരാണ് വിവിധ ക്ഷേമപെൻഷനുകൾ വാങ്ങുന്നത്. ഇതിൽ 27,95,912 പേർ ബാങ്ക് അക്കൗണ്ട് വഴിയാണ് പെൻഷൻ കൈപ്പറ്റുന്നത്. 28,14,996 പേർക്ക് സഹകരണസംഘങ്ങൾ മുഖേന പെൻഷൻ വീടുകളിലെത്തിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. വാതിൽപ്പടി വിതരണം ചെയ്യുന്നവരിൽ പകുതിയോളം പേർ ഇതിനകം ബാങ്ക് അക്കൗണ്ട് എടുത്തിട്ടുണ്ടാകാമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ ഇതിനകം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരാണ്.

അതേസമയം, കിടപ്പുരോഗികൾ, ബാങ്കിലെത്താൻ കഴിയാത്ത ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് പുതിയ പരിഷ്‌കരണത്തിൽ ഇളവ് നൽകും. ഇവരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിച്ച ശേഷമായിരിക്കും തുടർനടപടി.

2016 ഏപ്രിൽ വരെ ക്ഷേമപെൻഷനുകൾ പോസ്റ്റോഫീസ് വഴിയായിരുന്നു വിതരണം ചെയ്തിരുന്നത്. പിന്നീട് ബാങ്ക് അക്കൗണ്ട് വഴിയാക്കാൻ തീരുമാനിച്ചെങ്കിലും അക്കൗണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കൾക്കിടയിൽ പരാതികൾ ഉയർന്നു. ഇതോടെയാണ് താൽപര്യമുള്ളവർക്ക് പ്രാഥമിക സഹകരണസംഘങ്ങൾ വഴി പെൻഷൻ വീടുകളിലെത്തിക്കുന്ന സംവിധാനം ആരംഭിച്ചത്. 2016 ജൂൺ മുതൽ ഈ രീതിയിലാണ് വാതിൽപ്പടി വിതരണം തുടരുന്നത്.

പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനായി ഗുണഭോക്താക്കൾക്ക് സാവകാശം നൽകുന്നതിനാൽ ഉടൻ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തില്ലെന്ന കാരണത്താൽ അടുത്ത മാസങ്ങളിൽ പെൻഷൻ മുടങ്ങില്ലെന്നാണ് പെൻഷൻ വിഭാഗത്തിന്റെ വിശദീകരണം. ഇതുസംബന്ധിച്ച വിശദമായ സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ഓണത്തിന് മുമ്പ് ഓഗസ്റ്റ് മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button