ആനക്കൊമ്പ് കടത്തിയ അഞ്ചംഗ സംഘം വനംവകുപ്പിന്റെ പിടിയിൽ

ആനക്കൊമ്പ് കടത്തിയ സംഭവത്തിൽ അഞ്ചുപേർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡിന്റെയും താമരശ്ശേരി റേഞ്ച് ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. കോഴിക്കോട് കക്കോടി പാലത്തിന് സമീപത്ത് നിന്നുമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

കക്കോടി പാലത്ത് നൂർ മൻസിൽ അസീൽ, താമരശ്ശേരി സ്വദേശി പരീത്, കോട്ടയം പാമ്പാടി സ്വദേശി കെ വി വിൻസന്റ്, കക്കോടി പാലത്ത് മുഹമ്മദ് റിഹാൻ, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ദിൽഷാദ് എന്നിവരാണ് പിടിയിലായത്. ഇതിൽ കക്കോടി സ്വദേശി അസീലിന്റെ വീട്ടിൽ നിന്നുമാണ് ആനക്കൊമ്പ് കണ്ടെത്തിയത്. സംസ്ഥാനത്ത് ആനക്കൊമ്പ് കടത്ത് വീണ്ടും വ്യാപകമാകുന്നുവെന്ന വിവരത്തെ തുടർന്ന് വനം ഇന്റലിജൻസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് കോഴിക്കോട് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.

സംഘം ആനവേട്ടയിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും മറ്റ് ആരുടെയെങ്കിലും ഇടനിലക്കാരാണോ എന്നതുമടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിയിലായവർ ഈ മേഖലയിലെ പ്രധാന കണ്ണികളാണെന്നാണ് സൂചന.

Related Articles

Back to top button