അവസാന ഓവറിൽ സിറാജിന്റെ ഹാട്രിക് സിക്സർ….

ഇന്ത്യയും ശ്രീലങ്ക ക്രിക്കറ്റ് ഇലവനും തമ്മിലുള്ള സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ആവേശജയം. ആറുവിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. അവസാനദിനം 207 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. അവസാന ഓവറിൽ മൂന്ന് സിക്സറടിച്ചാണ് സിറാജ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. നേരത്തേ ആറുവിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിൽ ലങ്ക ഇലവൻ രണ്ടാമിന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.
ഇന്ത്യക്കായി നായകൻ ശുഭ്മാൻ ഗിൽ പരിക്ക് മാറി തിരിച്ചെത്തിയതോടെ യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്തു. ശ്രദ്ധയോടെയാണ് ഇരുവരും ബാറ്റ് ചെയ്തത്. ലങ്കൻ ബൗളർമാർക്ക് പിടികൊടുക്കാതെ ആദ്യവിക്കറ്റിൽ ഇരുവരും ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. ഒൻപതോവർ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസെന്ന നിലയിലായിരുന്നു. എന്നാൽ പിന്നീട് ഗില്ലും ജയ്‌സ്വാളും ട്രാക്ക് മാറ്റി. വേഗത്തിൽ റൺസ് കണ്ടെത്താൻ ശ്രമിച്ചതോടെ ലങ്ക പ്രതിരോധത്തിലായി. പത്താം ഓവറിൽ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം പതിനഞ്ച് റൺസാണ് പിറന്നത്.



