വടകരയിൽ രമേശ് ചെന്നിത്തലയെ കരിങ്കൊടി കാട്ടി യുവമോർച്ച പ്രവർത്തകർ…

വടകരയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കരിങ്കൊടി കാട്ടി യുവമോർച്ച പ്രവർത്തകർ. കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് യുവമോർച്ച സംസ്ഥാന ആഭ്യന്തര മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
അമിത് ഷായ്ക്ക് വേണ്ട സംരക്ഷണം ഒരുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചില്ലെന്നാണ് പ്രതിഷേധം നടത്തിയ യുവമോർച്ച പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്. ടൗൺ ഹാളിനു സമീപമുളള റോഡിൽ ആഭ്യന്തര മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ തൊട്ടിൽപാലം മരുതോങ്കരയിലും നോർത്ത് ജില്ല ബിജെപി പ്രവർത്തകർ രമേശ് ചെന്നിത്തലയ്ക്കു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.



