മഴ മുന്നറിയിപ്പിൽ മാറ്റം… നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ച് യെല്ലോ അലർട്ടാക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലർട്ടും പിൻവലിച്ചു. നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് തുടരുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് തുടരും. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. അതേസമയം, മഴയുടെ ശക്തി കുറഞ്ഞതോടെ മധ്യകേരളത്തിൽ ആശ്വാസം ലഭിച്ചു. ആറന്മുള, റാന്നി മേഖലകളിൽ വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും പൂർണമായും വെള്ളക്കെട്ട് ഒഴിയാൻ ഇനിയും രണ്ട് ദിവസം വരെ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ഇടുക്കി ജില്ലയിൽ രാത്രികാല യാത്രയ്ക്കും ഖനന പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നിലവിൽ തുടരും.



