18-ാമത് ഡോക്യുമെന്ററി മേള… മൂന്നാം ദിനം ‘ലോ ആൻഡ് ഓർഡർ’ ഉൾപ്പെടെ…

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സരവിഭാഗം, ഇന്റർനാഷണൽ നോൺഫിക്ഷൻ, ഫോക്കസ്, മലയാളം, ബെസ്റ്റ് ഓഫ് അനസി, അനസി കിഡ്‌സ്, കാംപസ് ഫിലിം, ആർ. ശരത് ഇൻ മെമ്മോറിയം, ഹോമേജ് തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക.

അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ‘ലോ ആൻഡ് ഓർഡർ’ ആണ് പ്രധാന പ്രദർശനങ്ങളിലൊന്ന്. അന്തരിച്ച സംവിധായകൻ ആർ. ശരത്തിന്റെ ‘ഡിവൈൻ ലവ്’, ‘ദേവവാദ്യങ്ങൾ’, ‘ബറിയൽ ഓഫ് ഡ്രീംസ്’ എന്നീ മൂന്ന് മലയാള ചിത്രങ്ങളും ആർ. ശരത് ഇൻ മെമ്മോറിയം വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ മാൻസിങ് ഭാസ്‌കെയുടെ ‘സേക്രഡ് സാൽ ട്രീ’, ഷായാർ ഗാന്ധിയുടെ ഗുജറാത്തി ചിത്രം ‘കറസ് മി’, പ്രാചി ചൗഗുലെയുടെ മറാഠി ചിത്രം ‘ആൻ ഓയ്സ്റ്റർ ലൈഫ്’ എന്നിവയുണ്ടാകും. ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ സമുജ്ജൽ കശ്യപിന്റെ അസമീസ് ചിത്രം ‘ദി ഖമ്യാങ് സ്റ്റോറി’, ആനന്ദ് രാമകൃഷ്ണന്റെ ‘ബില്ലം’, കൃഷ്ണകാന്ത് മിശ്രയുടെ ‘എ ഹ്യൂമൻ ഡേ–ഹാൻഡ് പുൾഡ് റിക്ഷാ ഓഫ് കൊൽക്കത്ത’ എന്നിവയും പ്രദർശിപ്പിക്കും. മലയാളം ഡോക്യുമെന്ററി വിഭാഗത്തിൽ ജീവൻ ഷാജിയുടെ ‘എക്കോസ് ഓഫ് വീൽസ്’ ഉൾപ്പെടും.

ഇന്റർനാഷണൽ നോൺഫിക്ഷൻ വിഭാഗത്തിൽ തെരസാക്കി മിസുഹോയുടെ ജാപ്പനീസ് ചിത്രം ‘ജേർണി ഇൻടു സാതോ തദാവോ’യും കാംപസ് ഫിലിം വിഭാഗത്തിൽ ശ്രീഹരി രാജേഷിന്റെ ‘അൺസങ് ഹാൻഡ്സ്’, മുഹമ്മദ് ജസീൽ കെയുടെ മലയാള ചിത്രം ‘മറാ’യും പ്രദർശിപ്പിക്കും. ‘ദി ലിവിങ് ടാപെസ്ട്രി: നീന സബ്നാമിസ് മൂവിങ് ക്രാഫ്റ്റ്’ വിഭാഗത്തിൽ മൂന്ന് ചിത്രങ്ങളും ‘ഫിലിംസ് ഫ്രം നേപ്പാൾ’ വിഭാഗത്തിൽ ‘മൈ മം ഈസ് എ ബോഡിബിൽഡർ’ ഉൾപ്പെടെ നാല് ചിത്രങ്ങളും ‘ഇൻ അർബൻ ഇന്ത്യ’ വിഭാഗത്തിൽ ആറ് ചിത്രങ്ങളും പ്രദർശനത്തിനെത്തും. ഹോമേജ് വിഭാഗത്തിൽ കെൻ ജാക്കോബ്‌സിന്റെ നിശബ്ദ ചിത്രം ‘ലെറ്റ് ദെയർ ബി വിസിൽബ്ലോവേഴ്‌സ്’, ഗാറ്റ്ലിഫിന്റെ ഫ്രഞ്ച് ചിത്രം ‘ദി ഔട്ട്റേഞ്ച്ഡ്’ എന്നിവയും ഉണ്ടാകും. അനിമേഷൻ വിഭാഗത്തിൽ ഇന്ത്യൻ ചിത്രം ‘മിറാഷ്’ ഉൾപ്പെടെ അനസി കിഡ്‌സിൽ ആറ് ചിത്രങ്ങളും ബെസ്റ്റ് ഓഫ് അനസിയിൽ നാല് ചിത്രങ്ങളും പ്രദർശിപ്പിക്കും. ചിത്രപ്രദർശനങ്ങൾക്ക് പുറമെ ഉച്ചയ്ക്ക് 12ന് ‘മീറ്റ് ദി ഡയറക്ടർ’ പരിപാടിയും വൈകിട്ട് ‘ഫേസ് ടു ഫേസ്’ സെഷനും നടക്കും. വൈകിട്ട് ഏഴിന് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരുടെ സൂഫി-ഹിന്ദുസ്ഥാനി സംഗീത ബാൻഡായ മെഹ്ഫിൽ-ഇ-സമയുടെ സംഗീതവിരുന്നും മേളയുടെ മൂന്നാം ദിനത്തിന് മാറ്റുകൂട്ടും.

Related Articles

Back to top button