ശബരിമല മിൽമ നെയ് കേസിൽ പ്രത്യേക അന്വേഷണസംഘം…

കൊച്ചി: ശബരിമല മിൽമ നെയ് തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി രൂപം നൽകി. എസ്.പി എം.ജെ. സോജൻ സംഘത്തിന്റെ തലവനായിരിക്കും. ഡിവൈ.എസ്.പി സി.എസ്. ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. വിജിലൻസ് മേധാവി സമർപ്പിച്ച ഉദ്യോഗസ്ഥരുടെ പട്ടികയിൽ നിന്നാണ് ഹൈക്കോടതി അന്വേഷണ സംഘത്തെ തിരഞ്ഞെടുത്തത്. വിജിലൻസ് ഇൻസ്പെക്ടർമാരായ എ.എസ്. സജി ശങ്കർ, എസ്. ശ്രീജിത്ത്, ടി.ആർ. കിരൺ, ആർ.എസ്. രതീന്ദ്രകുമാർ എന്നിവരും സംഘത്തിലുണ്ട്.

ശബരിമലയിലെ മിൽമ നെയ് ക്രമക്കേട് പ്രഥമദൃഷ്ട്യാ ഗുരുതരമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ദേവസ്വം ബെഞ്ച്, സുതാര്യമായ അന്വേഷണം ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ വിജിലൻസ് ഡയറക്ടറോട് നിർദേശിച്ചിരുന്നു. അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടരുതെന്നും അന്തിമ റിപ്പോർട്ട് കോടതിയുടെ അനുമതിയോടെ സമർപ്പിക്കണമെന്നുമാണ് നിർദേശം. ശബരിമലയിലേക്ക് വിതരണം ചെയ്ത മിൽമ നെയ് മറിച്ചുവിറ്റെന്ന ആരോപണത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related Articles

Back to top button