കാലവർഷക്കെടുതി രൂക്ഷം; 25 മരണം, 52 വീ‌ടുകൾ പൂർണമായി തകർന്നു.. കണക്കുകൾ പുറത്ത്

സംസ്ഥാനത്ത് കാലവർഷം കനത്ത നാശം വിതയ്ക്കുന്നതിനിടെ ഓഗസ്റ്റ് 1 മുതൽ ഇന്ന് വൈകിട്ട് 5 മണിവരെയുള്ള കണക്കുപ്രകാരം 25 പേർ മരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. നാല് പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കനത്ത മഴയും അനുബന്ധ ദുരന്തങ്ങളും മൂലം സംസ്ഥാനത്താകെ 52 വീടുകൾ പൂർണമായും 565 വീടുകൾ ഭാഗികമായും തകർന്നു. ദുരിതബാധിതർക്കായി വിവിധ ജില്ലകളിലായി 418 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ 18,434 പേരാണ് നിലവിൽ അഭയം തേടിയിരിക്കുന്നത്.

ജില്ലാ അടിസ്ഥാനത്തിൽ കോട്ടയത്താണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. മലപ്പുറത്ത് നാല് പേരും, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ മൂന്ന് പേർ വീതവും മരണപ്പെട്ടു.

വീടുകൾ പൂർണമായി തകർന്ന സംഭവങ്ങളിൽ ഇടുക്കി (14), കോട്ടയം (11) ജില്ലകളാണ് മുന്നിലുള്ളത്. അതേസമയം, ഭാഗികമായി ഏറ്റവും കൂടുതൽ വീടുകൾ തകർന്നത് പത്തനംതിട്ട ജില്ലയിലാണ് (103).

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സംസ്ഥാന സർക്കാർ അഭ്യർഥിച്ചു.

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (2026 ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, വയനാട് ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

ആലപ്പുഴയും വയനാടും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി നൽകിയതായി ജില്ലാ കളക്ടർ ഷാജി വി. നായർ അറിയിച്ചു.

കാസർകോട് ജില്ലയിൽ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

അതേസമയം, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾ, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമില്ലെന്ന് ജില്ലാ ഭരണകൂടങ്ങൾ വ്യക്തമാക്കി.

ഏറ്റവും പുതിയ റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Related Articles

Back to top button