പ്രളയഭീഷണി: 2018ലെ രക്ഷാകർതാക്കൾ വീണ്ടും രംഗത്ത്…

പത്തനംതിട്ട: പ്രളയഭീഷണി നിലനിൽക്കുന്ന പത്തനംതിട്ട ജില്ലയിലെ ആറന്മുള, റാന്നി മേഖലകളിലേക്ക് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ എത്തുന്നു. 2018ലെ മഹാപ്രളയകാലത്ത് കേരളത്തിന് താങ്ങായ മത്സ്യത്തൊഴിലാളികൾ വീണ്ടും സർവസജ്ജരായി രക്ഷാദൗത്യത്തിനിറങ്ങിയിരിക്കുകയാണ്. കൊല്ലം, കായംകുളം എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് എത്തുന്നത്. മന്ത്രി പി. സി. വിഷ്ണുനാഥ് കൊല്ലത്തെ ജനപ്രതിനിധികളുമായി നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് അധിക ബോട്ടുകൾ ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു.

മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ റാന്നിയിലും ആറന്മുളയിലും വെള്ളപ്പൊക്ക സാധ്യത ശക്തമായിട്ടുണ്ട്. ശബരിമല സ്വാമി അയ്യപ്പൻ റോഡിൽ മരങ്ങൾ കടപുഴകി വീണതും ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കോഴഞ്ചേരി റെസ്റ്റ് ഹൗസിൽ മന്ത്രി പി. സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. ആറന്മുള എംഎൽഎ അബിൻ വർക്കി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. പമ്പയിൽ ജലനിരപ്പ് ഉയരുന്നത് അതീവ ഗുരുതര സാഹചര്യമാണെന്ന് വിലയിരുത്തിയ മന്ത്രി, എൻഡിആർഎഫ്, ഫയർഫോഴ്‌സ്, മത്സ്യത്തൊഴിലാളി രക്ഷാസംഘങ്ങൾ എന്നിവർ ജില്ലയിൽ വിന്യസിച്ചിട്ടുണ്ടെന്നും കൊല്ലത്ത് നിന്ന് കൂടുതൽ ബോട്ടുകൾ എത്തിച്ചിട്ടുണ്ടെന്നും അറിയിച്ചു.

അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. മൂഴിയാർ ഡാമിൽ നിന്നുള്ള അധിക ജലവിസർജനം ഏറ്റവും കൂടുതൽ ബാധിക്കുക ആറന്മുളയെയാണെന്ന് എംഎൽഎ അബിൻ വർക്കി പറഞ്ഞു. നിലവിൽ തന്നെ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെന്നും ഇനി കൂടുതൽ വെള്ളം എത്താനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥിതിഗതികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “വെള്ളം വരില്ലെന്ന ധാരണയിൽ വീടുകളുടെ മുകളിലത്തെ നിലയിൽ തുടരരുത്. എല്ലാവരും സുരക്ഷിതരായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണം,” എന്നായിരുന്നു ജനങ്ങളോടുള്ള എംഎൽഎയുടെ അഭ്യർഥന.

Related Articles

Back to top button