നീരൊഴുക്ക് ശക്തം: കക്കയം ഡാമിന്റെ ഷട്ടറുകൾ തുടർന്നു

നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു. രണ്ട് സ്പിൽവേ ഷട്ടറുകൾ കാൽ അടി വീതം ഉയർത്തിയാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. യാതൊരു കാരണവശാലും ആരും പുഴയിൽ ഇറങ്ങാൻ പാടുള്ളതല്ലെന്നും പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ പെയ്തിരുന്നു. തുടർന്ന് ഡാമിലേക്ക് നീരൊഴുക്ക് ശക്തമാകുകയായിരുന്നു. അതിനിടെ, കോഴിക്കോട് പാറപ്പടിയിൽ വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. 100 കണക്കിന് വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ വെള്ളം കയറാത്ത പ്രദേശത്താണ് ഇത്തവണ വെള്ളം കയറിയത്. മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിൽ വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.



