‘ഹെലികോപ്റ്റർ യാത്രയ്ക്ക് മുഖ്യമന്ത്രിയുടെ പുതിയ ന്യായം വരും’…. പി. രാജീവ്

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രാ വിവാദത്തിൽ വിമർശനവുമായി മുൻ മന്ത്രി പി. രാജീവ്. ഹെലികോപ്റ്റർ യാത്രയെ ന്യായീകരിക്കാൻ “കാറിലെ പെട്രോൾ ലാഭിക്കാനായിരുന്നു” എന്ന തരത്തിലുള്ള വിശദീകരണമായിരിക്കും മുഖ്യമന്ത്രി പറയുകയെന്നാണ് പി. രാജീവ് പരിഹസിച്ചത്.അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തിരുന്നതെന്നും, അതിന്റെ പേരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മുൻ മുഖ്യമന്ത്രി ഉപയോഗിക്കാതിരുന്ന പല ആവശ്യങ്ങൾക്കും നിലവിലെ മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിക്കുന്നുവെന്നും പി. രാജീവ് ആരോപിച്ചു. മഴക്കെടുതി നേരിടുന്നതിൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നതാണ് ഇടതുമുന്നണിയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ജനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.”പിണറായി വിജയനായിരുന്നു ഇപ്പോൾ മുഖ്യമന്ത്രിയെങ്കിൽ മാധ്യമങ്ങൾ എങ്ങനെ പ്രതികരിക്കുമായിരുന്നു? പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി.ഡി. സതീശൻ പറഞ്ഞതും മുഖ്യമന്ത്രിയായ ശേഷം ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്,” എന്നും പി. രാജീവ് വിമർശിച്ചു. ദുരന്ത സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ പ്രോട്ടോകോളുകൾ നേരത്തേ തന്നെ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അതിന് ശക്തമായ രാഷ്ട്രീയ നേതൃത്വം ആവശ്യമാണ്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകൾ സമയബന്ധിതമായി ലഭിച്ചില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button