‘പിഎസ്സിയിൽ കാപട്യം മഹാഅപരാധം’… ലേഖനവുമായി സിപിഐ

തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ വിമർശനവുമായി സിപിഐയുടെ മുഖപത്രമായ നവയുഗം വാരിക. ശിപാർശയും ഒത്താശയുമില്ലാതെ തൊഴിൽ ലഭിക്കുന്ന ഏക സംവിധാനമായ പിഎസ്സിയുടെ ഉൾപ്രവർത്തനങ്ങളിൽ കാപട്യം കലരുന്നത് മഹാഅപരാധമാണെന്ന് വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിമർശിക്കുന്നു.
കവി പി. കെ. ഗോപി എഴുതിയ ‘വിശ്വാസ്യത വീണ്ടെടുക്കണം’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് പരാമർശം. സത്യസന്ധമായി നടക്കേണ്ട ഉദ്യോഗസ്ഥ നിയമന പ്രക്രിയ നിർഭാഗ്യവശാൽ സംശയത്തിന്റെ കരിനിഴലിൽ അകപ്പെട്ടിരിക്കുകയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. യുവാക്കളുടെ പ്രതീക്ഷാകേന്ദ്രമായ പിഎസ്സി അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കരുതെന്നും, തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ സമഗ്രമായ നടപടികൾ സ്വീകരിക്കണമെന്നും, അത്തരം നടപടികൾക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിലങ്ങുതടിയാകരുതെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു.
അതേസമയം, പിഎസ്സി പരീക്ഷാ അട്ടിമറി കേസിൽ വൻ ആസൂത്രിത ഗൂഢാലോചന നടന്നതായി എസ്ഐടി സ്ഥിരീകരിച്ചിട്ടുണ്ട്. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ ഒരു സിപിഐഎം അനുകൂലി ഉദ്യോഗാർത്ഥിയെ ഒന്നാം റാങ്കിലെത്തിക്കാനാണ് ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥി എഴുതാതിരുന്ന 54 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതോടെ, മറ്റ് നിരവധി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കേണ്ട മാർക്ക് നഷ്ടമായെന്നാണ് അന്വേഷണ റിപ്പോർട്ട്. ഇതിന്റെ ഫലമായി യഥാർത്ഥത്തിൽ രണ്ടാം റാങ്കുകാരനെക്കാൾ 53 മാർക്ക് കുറവുണ്ടായിരുന്ന ഉദ്യോഗാർത്ഥി ഒരു മാർക്കിന്റെ വ്യത്യാസത്തിൽ ഒന്നാം റാങ്കിലെത്തിയതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.



