ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു… ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്…

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനമാണ് ജില്ലാ കളക്ടർ നിരോധിച്ചത്. കൂടാതെ ഈരാറ്റുപേട്ട–വാഗമൺ റോഡിലെ രാത്രികാല യാത്രയ്ക്കും ഓഗസ്റ്റ് നാലുവരെ വിലക്ക് ഏർപ്പെടുത്തി.

അതേസമയം, കോട്ടയം–കുമളി ദേശീയപാതയിൽ മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗങ്ങളിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇതേ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. റോഡിലെ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു. റെഡ് അലർട്ടും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകളും പരിഗണിച്ച് കോട്ടയം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങൾക്കും ധാതു ഗതാഗതത്തിനും ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയന്ത്രണം തുടരും. മലയോര മേഖലകളിലും അപകടസാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകി.

Related Articles

Back to top button