ഡാമുകളിൽ ജലനിരപ്പ് കുതിക്കുന്നു, നിരവധി ഷട്ടറുകൾ തുറന്നു…..

സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയെ തുടർന്ന് വിവിധ ഡാമുകളിലെ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ച കനത്ത മഴയാണ് അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരാൻ കാരണം. ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകൾ നിറഞ്ഞതോടെ കല്ലാർകുട്ടി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നതിനെ തുടർന്ന് കെഎസ്ഇബിയുടെ ലോവർ പെരിയാർ, പെരിങ്ങൽകുത്ത് ഡാമുകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഉയർത്തി. അരുവിക്കര ഡാമിന്റെ രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകളും പേപ്പാറ ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഡാമുകളിലും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തുറക്കേണ്ട സാഹചര്യമുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മൂഴിയാർ ഡാമിന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദികളിൽ ബോട്ടുകൾ, പള്ളിയോടങ്ങൾ, വള്ളങ്ങൾ എന്നിവ ഇറക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശം നൽകി. ശബരിമല തീർഥാടകർ നദികളിൽ കുളിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പാലക്കാട് മംഗലം ഡാമിന്റെ ആറ് സ്പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തി. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 20 ഷട്ടറുകളും തുറന്നു. ഭാരതപ്പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടുകളുടെയും നദികളുടെയും സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.



