പൊതിച്ചോർ വിവാദത്തിന് പിന്നാലെ പുതിയ പ്രഖ്യാപനം… ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇനി…..

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ രണ്ട് മാസത്തിനകം കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. പദ്ധതി ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക. ഒരു വർഷത്തോളം പദ്ധതി വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നതിന്റെ അർഥം ആരും രോഗികൾക്ക് പൊതിച്ചോർ നൽകേണ്ടതില്ല എന്നല്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ആശുപത്രി പരിസരത്ത് രാഷ്ട്രീയ ബാനറുകളും കൊടികളും സ്ഥാപിച്ച് ഭക്ഷണ വിതരണം നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ആശുപത്രിക്കുള്ളിലെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം സർക്കാരിനാണെന്നും, രാഷ്ട്രീയ സംഘടനകൾ ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്നത് അനുവദിക്കില്ലെന്നുമുള്ള മന്ത്രിയുടെ മുൻപ്രസ്താവന വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഡിവൈഎഫ്ഐയെ പരോക്ഷമായി വിമർശിച്ച മന്ത്രിയുടെ നിലപാടിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും രംഗത്തെത്തി. ആരോഗ്യമന്ത്രിക്ക് ഈഗോ ആണെന്നായിരുന്നു പി.എ. മുഹമ്മദ് റിയാസിന്റെ വിമർശനം. കൊടിയുടെ നിറം നോക്കിയല്ല ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പ്രതികരിച്ചു. അതേസമയം, ആശുപത്രികളിലെ പൊതിച്ചോർ വിതരണം തടസ്സപ്പെടുത്തരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ആവശ്യപ്പെട്ടു.
വിവാദം ശക്തമായതിനെ തുടർന്ന് മന്ത്രി പിന്നീട് വിശദീകരണവുമായി രംഗത്തെത്തി. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ഭക്ഷണം നൽകുന്നതിന് എതിരല്ലെന്നും, ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രത്യേക സാഹചര്യത്തിലാണ് കമ്മ്യൂണിറ്റി കിച്ചൺ നിർദേശം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി പരിസരത്തെ അനധികൃത കൈയേറ്റവും ക്രമരഹിതമായ ഭക്ഷണ വിതരണവും ഒഴിവാക്കി, സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ എല്ലാവർക്കും ഒരേ രീതിയിൽ ഭക്ഷണം ലഭ്യമാക്കുകയാണ് കമ്മ്യൂണിറ്റി കിച്ചൺ പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി വിശദീകരിച്ചു.



