തോട്ടിലെ ഒഴുക്കിൽപ്പെട്ട് നാലുവയസ്സുകാരന്… മഴക്കെടുതിയിൽ മരണം…

മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം അഞ്ചായി. മലപ്പുറം കൊണ്ടോട്ടിയിൽ നാലുവയസ്സുകാരൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. നീറാട് തോട്ടിലാണ് ദാരുണ അപകടമുണ്ടായത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഒഴുക്കിൽപ്പെട്ട കുട്ടിയെ നാട്ടുകാർ ഉടൻ രക്ഷപ്പെടുത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, മഴക്കെടുതിയിൽ കോട്ടയം, ഇടുക്കി ജില്ലകളിലും നേരത്തെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മണക്കാട്ട് റെജീനയും മകൻ ജോസഫിൻ ജോണിയും മരിച്ചിരുന്നു. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുള്‍പൊട്ടലിൽ മഷിക്കല്ലേൽ സുമതി മരിച്ചു. പുലർച്ചെ ഉണ്ടായ ശക്തമായ ഉരുള്‍പൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാകുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് സുമതിയുടെ മൃതദേഹം കണ്ടെത്തിയത്. വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദീതീര പ്രദേശങ്ങളിലും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



