റെഡ് അലർട്ടിലും ക്ലാസ്… കളക്ടറുടെ അവധി ഉത്തരവ് മറികടന്ന് വിദ്യാലയം തുറന്നു….

കണ്ണൂർ: ജില്ലാ കളക്ടർ റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടും കണ്ണൂർ ചാലയിലെ ചിന്മയ വിദ്യാലയം തുറന്ന് പ്രവർത്തിച്ചതോടെ വിവാദം. ഇന്ന് രാവിലെയാണ് കളക്ടർ അടിയന്തരമായി അവധി പ്രഖ്യാപിച്ചത്. എന്നാൽ അതിനകം വിദ്യാർത്ഥികൾ സ്കൂളിലെത്തിയിരുന്നുവെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.

വിദ്യാർത്ഥികൾ നേരത്തെ എത്തിയ സാഹചര്യത്തിൽ ഉച്ചവരെ ക്ലാസുകൾ തുടരുമെന്ന് വിദ്യാലയ അധികൃതർ അറിയിച്ചു. ഇതാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. കനത്ത മഴയ്ക്കും റെഡ് അലർട്ടിനും പിന്നാലെ പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമില്ലെന്നും അറിയിച്ചിരുന്നു.

അതേസമയം, ശക്തമായ മഴയെ തുടർന്ന് ഉളിക്കൽ വയത്തൂർ പാലത്തിന് മുകളിൽ വെള്ളം കയറി. മലയോര മേഖലയിലും കർണാടക വനമേഖലയിലും മഴ ശക്തമായി തുടരുകയാണ്. പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button