നേട്ടം കൊയ്ത് കൊച്ചി മെട്രോ.. വരുമാനത്തിലും പ്രവർത്തന ലാഭത്തിലും..

കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ചവെച്ച കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. അറ്റനഷ്ടത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ കൊച്ചി മെട്രോ വരുമാനത്തിലും പ്രവർത്തന ലാഭത്തിലും മുന്നേറ്റം കൈവരിക്കുകയും ചെയ്തു. കൊച്ചി നഗരവാസികൾ ഈ ഗതാഗത സംവിധാനത്തെ വീണ്ടും നെഞ്ചിലേറ്റുന്നതിന്റെ തെളിവായി കഴിഞ്ഞ വർഷത്തെ പ്രവർത്തന ഫലം. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റനഷ്ടം 2024-25ലെ 430.50 കോടി രൂപയിൽ നിന്ന് 352.49 കോടി രൂപയായി കുറഞ്ഞു. അതസമയം ഇക്കാലയളവിൽ 52.64 കോടി രൂപയുടെ പ്രവർത്തന ലാഭവും നേടി. അതോടെ തുടർച്ചയായ നാലാം വർഷവും പ്രവർത്തന ലാഭം കൈവരിക്കുന്ന മെട്രോയായി കൊച്ചി മെട്രോ മാറി. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാത കാക്കനാട് സ്മാർട്ട് സിറ്റിയിലേക്കും ഇൻഫോപാർക്കിലേക്കുമുള്ള സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരുകയും പ്രവർത്തന ലാഭം കൂടുതൽ വർധിക്കുകയും ചെയ്യുമെന്ന് മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു.
ഈ നേട്ടങ്ങൾക്ക് പിന്നിലെ പ്രധാന കാരണം യാത്രക്കാർക്കിടയിൽ കൊച്ചി മെട്രോ നേടിയ സ്വീകാര്യതയാണ്. 2025-26ൽ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്ന് 1.01 ലക്ഷത്തിലെത്തി. കൊച്ചി മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ശരാശരി ദിനയാത്രക്കാരുടെ എണ്ണമാണിത്. കൂടുതൽ പേർ ദൈനംദിന യാത്രയ്ക്ക് മെട്രോ തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെ ടിക്കറ്റ് വരുമാനവും ഗണ്യമായി ഉയർന്നു. ഇതാണ് പ്രവർത്തന ലാഭത്തിൽ നേരിട്ട് പ്രതിഫലിച്ചത്. 2026 ൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.05 ലക്ഷമായി വർധിച്ചതിനെ തുടർന്ന് തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തി യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുഖകരവുമായ യാത്ര ഉറപ്പാക്കാനും കെഎംആർഎൽ നടപടി സ്വീകരിച്ചു. ടിക്കറ്റ് വരുമാനത്തിനപ്പുറം ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിലും കൊച്ചി മെട്രോ രാജ്യത്തിന് മാതൃകയായി മാറിയിരിക്കുകയാണ്. 2025-26ൽ ലഭിച്ച ആകെ പ്രവർത്തന വരുമാനമായ 224.65 കോടിയിൽ 76.33 കോടി, അഥവാ 34 ശതമാനത്തോളം, സ്റ്റേഷൻ വാണിജ്യവൽക്കരണം, പരസ്യവരുമാനം, പ്രോപ്പർട്ടി വികസനം, മറ്റ് നൂതന വരുമാന മാർഗങ്ങൾ എന്നിവയിൽ നിന്നാണ് ലഭിച്ചത്. ടിക്കറ്റ് വിൽപ്പനയ്ക്ക് പുറമേ വ്യത്യസ്ത വരുമാന സ്രോതസ്സുകൾ വിജയകരമായി വികസിപ്പിച്ച രാജ്യത്തെ മുൻനിര മെട്രോ സംവിധാനങ്ങളിലൊന്നായി കൊച്ചി മെട്രോ മാറുകയും ചെയ്തു.
എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാനാകുന്ന സമഗ്രവും ജനസൗഹൃദവുമായ പൊതുഗതാഗത സംവിധാനം എന്ന നിലയിലെ പ്രവർത്തനം.,ഭിന്നശേഷിക്കാർക്ക് പൂർണമായും സൗഹൃദപരമായ സ്റ്റേഷനുകൾ, മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക സൗകര്യങ്ങൾ, സ്ത്രീകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്ന സംവിധാനങ്ങൾ, ഫീഡർ ബസുകളുമായും വാട്ടർ മെട്രോയുമായും തടസ്സമില്ലാത്ത ഏകോപനം, യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള നിരവധി സേവനങ്ങൾ എന്നിവ യാത്രക്കാരെ നിരന്തരം കൊച്ചി മെട്രോയിലേക്ക് ആകർഷിക്കുകയാണ്.
രാജ്യത്തെ പല മെട്രോ ശൃംഖലകളെയും അപേക്ഷിച്ച് ചെറിയ ദൂരപരിധിയിലാണ് പ്രവർത്തിക്കുന്നതെങ്കിലും, വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തുടർച്ചയായി പ്രവർത്തന ലാഭം നേടുന്ന ഇന്ത്യയിലെ അപൂർവ മെട്രോ സംവിധാനങ്ങളിലൊന്നായി കൊച്ചി മെട്രോ ഉയർന്നിരിക്കുകയാണ്. പ്രവർത്തനം ആരംഭിച്ച ആദ്യ വർഷങ്ങളിലെ പ്രവർത്തന നഷ്ടത്തിൽ നിന്ന് തുടർച്ചയായ നാല് വർഷത്തെ പ്രവർത്തന ലാഭത്തിലേക്കുള്ള ഈ മുന്നേറ്റം കെഎംആർഎല്ലിന്റെ പ്രവർത്തന മികവും സാമ്പത്തിക അച്ചടക്കവും നൂതന സമീപനങ്ങളിടെയും പ്രതിഫലനമാണ്. യാത്രക്കാരുടെ എണ്ണം തുടർച്ചയായി ഉയരുന്നതും, മൾട്ടി-മോഡൽ ഗതാഗത ഏകോപനം കൂടുതൽ ശക്തമാകുന്നതും, ടിക്കറ്റ് വരുമാനത്തിന് പുറത്തുള്ള സ്ഥിരതയാർന്ന വരുമാന മാതൃകയും കൊച്ചി മെട്രോയെ ഇന്ത്യയിലെ ഏറ്റവും സുസ്ഥിരവും യാത്രക്കാരെ കേന്ദ്രീകരിച്ചുള്ളതുമായ നഗരഗതാഗത സംവിധാനങ്ങളിലൊന്നായി മാറ്റിയിരിക്കുന്നു.




