10 മുതൽ 12 വരെ മാത്രം… ബാറുകൾക്ക് കർശന നിയന്ത്രണവുമായി എക്സൈസ്

തിരുവനന്തപുരം: സമയക്രമം പാലിക്കാതെ പുലർച്ചെ മുതൽ തുറന്നു പ്രവർത്തിക്കുന്ന ബാറുകൾക്കെതിരെ കർശന നടപടിയുമായി എക്‌സൈസ് വകുപ്പ്. രാവിലെ 10 മണി മുതൽ രാത്രി 12 വരെ എന്ന സമയക്രമം പാലിക്കാത്ത ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ലൈസൻസിക്കെതിരെ നടപടി സ്വീകരിക്കാൻ എക്‌സൈസ് കമ്മിഷണർ സാംബശിവ റാവു നിർദേശം നൽകി.
ബാറുകളിൽ പലതും പുലർച്ചെ തുറന്ന് പ്രവർത്തിക്കുന്നുവെന്ന എക്‌സൈസ് മന്ത്രി എം. ലിജുവിന്റെ വിമർശനത്തെ തുടർന്നാണ് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർമാർക്ക് കർശന നടപടിക്കുള്ള നിർദേശം നൽകിയത്. റേഞ്ച് ഓഫിസർമാർക്ക് പുറമേ ഡപ്യൂട്ടി കമ്മിഷണർമാരും നിശ്ചിത ഇടവേളകളിൽ ബാറുകളുടെ പ്രവർത്തനസമയം പരിശോധിക്കണം. സമയക്രമം ലംഘിക്കുന്ന ബാറുകൾക്കെതിരെ ഉടൻ നടപടിയെടുക്കാനാണ് നിർദേശം. വീഴ്ച വരുത്തുന്ന ജില്ലാ ഓഫിസർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് കമ്മിഷണർ അറിയിച്ചു. കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ബാറുകളുടെ പ്രവർത്തനസമയവുമായി ബന്ധപ്പെട്ട കൂടുതൽ പരാതികൾ ലഭിച്ചതെന്നും എക്‌സൈസ് കമ്മിഷണർ ജില്ലാ ഓഫിസർമാർക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കുന്നു.



