ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോവാദി പിടിയിൽ

സർക്കാർ 1 കോടി പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോവാദി മിഹിർ ബെസ്രയെ ഝാർഖണ്ഡിലെ ധൻബാദിൽ നിന്ന് സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഗിരിധ് സ്വദേശിയായ ബെസ്രയെ ഗിരിധ്–ധൻബാദ് അതിർത്തി പ്രദേശത്ത് നിന്ന് മോച്ചു, സൗരഭ് എന്നീ മാവോയിസ്റ്റുകൾക്കൊപ്പമാണ് ചൊവ്വാഴ്ച പിടികൂടിയത്. ഝാർഖണ്ഡ്, ബിഹാർ, ഒഡിഷ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മാവോവാദി പ്രവർത്തനങ്ങളുടെ മുഖ്യസൂത്രധാരനായി കണക്കാക്കപ്പെട്ടിരുന്ന ബെസ്രയെ വിവിധ സുരക്ഷാ ഏജൻസികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കൊലപാതകം, പിടിച്ചുപറി, സുരക്ഷാസേനയ്ക്കുനേരെയുള്ള ആക്രമണം, ഐഇഡി സ്ഫോടനം തുടങ്ങി വിവിധ കുറ്റങ്ങളുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലായി പന്ത്രണ്ടോളം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും ചേർന്ന് ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 1 കോടി പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. കൊൽഹൻ, സാരന്ദ, പരസ്‌നാഥ് മേഖലകളിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന ബെസ്ര സംഘടനയുടെ തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും വിവിധ സംസ്ഥാനങ്ങളിലെ മാവോവാദി ശൃംഖലകളെ ഏകോപിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. സമീപകാലത്ത് അടുത്ത അനുയായികളിൽ പലരും കീഴടങ്ങുകയോ അറസ്റ്റിലാകുകയോ ചെയ്തതോടെ ബെസ്രയുടെ പ്രവർത്തനം ദുർബലപ്പെട്ടിരുന്നു. ഇതോടെ സുരക്ഷാ ഏജൻസികൾ ഇയാൾക്കെതിരായ നീക്കങ്ങൾ ശക്തമാക്കുകയായിരുന്നു.
അതേസമയം, ചൊവ്വാഴ്ച 16 മാവോവാദികൾ ഝാർഖണ്ഡ് പൊലീസിന് മുന്നിൽ കീഴടങ്ങി. ഇവരിൽ ആറുപേരുടെ തലയ്ക്ക് ആകെ 39 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 128 കേസുകളിൽ പ്രതിയായ ബസുദേവ് ദാ എന്നറിയപ്പെടുന്ന ദിലീപും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു. ഇയാളുടെ തലയ്ക്ക് 15 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രണ്ട് സബ് സോണൽ കമ്മിറ്റി അംഗങ്ങളും രണ്ട് ഏരിയ കമ്മിറ്റി ഭാരവാഹികളും കീഴടങ്ങിയവരിൽ ഉൾപ്പെട്ടിട്ടുണ്ട്.



