ആശുപത്രി ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കുഞ്ഞ് മരിച്ചു. ചാലിയാർ സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചുപോയതെന്നാണ് പ്രാഥമിക വിവരം. വയറുവേദനയെ തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയിലെത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച് യുവതി സ്ഥലത്തുനിന്ന് പോയതെന്നാണ് വിവരം. ഇന്ന് രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. സംഭവത്തിൽ നിലമ്പൂർ പൊലീസ് ആശുപത്രിയിലെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




