വിദ്യാർത്ഥി പ്രതിഷേധത്തിന് അറസ്റ്റിലായ വിദ്യാർത്ഥികളെ….

നീറ്റ് ക്രമക്കേടിനെതിരെ നടന്ന വിദ്യാർത്ഥി സമരത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഴുവൻ വിദ്യാർത്ഥികളെയും മോചിപ്പിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. സമരവുമായി ബന്ധപ്പെട്ട കേസുകളിൽ പുതിയ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. വിദ്യാർത്ഥികൾക്കെതിരെ ഉണ്ടായതായി ആരോപിക്കപ്പെടുന്ന പൊലീസ് അതിക്രമങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതും കോടതി പരിഗണിക്കും. പൊലീസ് നടപടി ഉണ്ടായതായി ആരോപിക്കുന്ന കേരളം, ഡൽഹി, മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
വിദ്യാർത്ഥികളുടെ പ്രതിഷേധം തികച്ചും സമാധാനപരമായിരുന്നുവെന്നും ഭരണഘടനാ പരിധിക്കുള്ളിലായിരുന്നു അതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ അതിക്രമം നടന്നിട്ടുണ്ടോ എന്ന് സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ആരാണ് അതിക്രമം നടത്തിയതെങ്കിലും നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും, ഉത്തരവാദിത്തം നിശ്ചയിക്കാതെ അന്വേഷണം പൂർത്തിയാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. സമാധാനപരമായ സമരത്തിനിടെ വിദ്യാർത്ഥികൾക്കെതിരെ അതിക്രമം നടന്നിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൊലീസിനെതിരെയും ആക്രമണം ഉണ്ടായിട്ടുണ്ടെന്നും, സമരത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ നുഴഞ്ഞുകയറിയെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. തുടർന്നാണ് ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർത്ഥികളെ വിട്ടയക്കാൻ കോടതി നിർദേശം നൽകിയത്. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കുമെതിരെ നിയമനടപടികൾ തുടരാമെന്നും കോടതി വ്യക്തമാക്കി. എസ്‌ഐടി അന്വേഷണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കേന്ദ്ര സർക്കാരിന്റെയും ഡൽഹി സർക്കാരിന്റെയും ഉൾപ്പെടെയുള്ള കക്ഷികളുടെ വാദം കേട്ട ശേഷമായിരിക്കും കോടതി എടുക്കുക.




